കുറിച്ചിയിലും കളിക്കളം ടെൻഡറായി
Mail This Article
കുറിച്ചി ∙ പഞ്ചായത്തിൽ കളിക്കളം ഒരുങ്ങുന്നു. ഔട്പോസ്റ്റ് ജംക്‌ഷനിൽ പഞ്ചായത്ത് വക സ്ഥലത്ത് ആരംഭിക്കുന്ന കളിസ്ഥലത്തിന്റെ നിർമാണ പ്രവർത്തനം ടെൻഡർ ചെയ്തതായി ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുറിച്ചിയിലും കളിക്കളമെത്തുന്നത്. ആകെ തുകയുടെ 50% എംഎൽഎയും 50% കായിക വകുപ്പും ചെലവഴിക്കും.
ഔട്പോസ്റ്റ് ജംക്‌ഷനിൽ ജനകീയ ഹോട്ടലിനു സമീപം പഞ്ചായത്തിന്റെ ഒന്നേകാൽ ഏക്കർ സ്ഥലത്താണ് കളിക്കളം പൂർത്തിയാകുക. ആർട്ടിഫിഷ്യൽ ഗ്രാസ് ഉപയോഗിച്ചുള്ള പ്രതലം, സ്റ്റീൽ ഫെൻസിങ് സംവിധാനം, ഡ്രെയ്നേജ് സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഏതു കായിക ഇനത്തിനുള്ള സൗകര്യമെന്നു കണ്ടെത്തി അത്തരം കോർട്ടുകൾ നിർമിക്കും. നടപ്പാത, ഓപ്പൺ ജിം, ലൈറ്റിങ് സംവിധാനം, ശുചിമുറി തുടങ്ങിയവയും പദ്ധതി മുന്നോട്ട് വയ്ക്കുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ ചുമതല.