ADVERTISEMENT

എരുമേലി ∙ ജില്ലയിൽ പക്ഷിപ്പനി പടരാൻ കാരണം മറ്റു പക്ഷികൾ രോഗവാഹകരാകുന്നതും  വൈറസുകളുടെ ജനിതക മാറ്റവുമാണെന്നു മൃഗസംരക്ഷണ വകുപ്പ്. 

താറാവ്, കോഴി എന്നിവ കൂടാതെ പ്രാവ്, മയിൽ തുടങ്ങിയ പക്ഷികളിലും പക്ഷിപ്പനി കണ്ടെത്തി. ഈ പക്ഷികളാണ് മറ്റു സ്ഥലങ്ങളിലെ ഫാമുകളിൽ രോഗം വ്യാപിക്കാൻ കാരണമായതെന്നാണു മൃ‍ഗസംരക്ഷണ വകുപ്പിന്റെ നിഗമനം.

സാംപിളുകൾ പരിശോധനയ്ക്ക്
∙പക്ഷിപ്പനി കണ്ടെത്തിയ മേഖലകളിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 
ഇതുവരെ മനുഷ്യരിലോ മൃഗങ്ങളിലെ പക്ഷിപ്പനി വൈറസ് കണ്ടെത്തിയിട്ടില്ല. 

പുതിയ സാഹചര്യത്തിൽ വൈറസിന്റെ ജനിതകമാറ്റം മൂലം ഇവ മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയുണ്ടോ എന്നറിയാനാണു     പഠനം.

പക്ഷിപ്പനി: നഷ്ടപരിഹാരം അപേക്ഷിക്കാതെ ലഭിക്കും
പക്ഷിപ്പനി മുൻകരുതലിന്റെ ഭാഗമായി ദയാവധത്തിനു വിധേയമാക്കുന്ന പക്ഷികളുടെ ഉടമകൾക്ക് നഷ്ടപരിഹാരം അപേക്ഷ നൽകാതെ ലഭിക്കും. സാംപിൾ ശേഖരിച്ച ശേഷം ചാകുന്ന വളർത്തുപക്ഷികൾക്കാണ് ധനസഹായം.

പക്ഷികളെ ദയാവധം ചെയ്യുന്നതിനു മുൻപായി തയാറാക്കുന്ന റിപ്പോർട്ടിൽ പക്ഷികളുടെ ഉടമയുടെ വിലാസവും ബാങ്ക് അക്കൗണ്ട് അടക്കം വിവരങ്ങളും ശേഖരിക്കും. ഈ ബാങ്ക് അക്കൗണ്ടിലേക്കാണ് നഷ്ടപരിഹാരം നൽകുക.

2 മാസം വരെ പ്രായമായ പക്ഷികൾക്ക് 100 രൂപയും 2 മാസത്തിനു മുകളിൽ പ്രായമുള്ള പക്ഷികൾക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നൽകുന്നത്. കഴിഞ്ഞ ഏപ്രിൽ വരെ പക്ഷിപ്പനി ബാധിച്ച മേഖലകളിൽ ദയാവധത്തിനു വിധേയമാക്കിയ ജില്ലയിലെ എല്ലാ പക്ഷികൾക്കും നഷ്ടപരിഹാരം നൽകിയതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. 

ഫാമുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ ഫാമുകൾക്കു സമീപം പഴവർഗച്ചെടികൾ വളരാൻ അനുവദിക്കരുത്. (രോഗമുള്ള മറ്റു പക്ഷികൾ ഇവ തിന്നാൻ എത്തുമ്പോൾ ഫാമിലേക്ക് രോഗബാധ ഉണ്ടാകാം)
∙ ഫാമിലെ പക്ഷികൾക്കു തീറ്റ വയ്ക്കുമ്പോൾ പുറത്തുനിന്നുള്ള പക്ഷികൾക്കു തിന്നാവുന്ന വിധം ആകരുത്.
∙ പുറത്തുനിന്നുളള പക്ഷികൾ ഫാമിൽ എത്താതിരിക്കാൻ ഫാമിന്റെ പരിസരവും മുകൾഭാഗവും സുരക്ഷിതമാക്കണം.
∙ മറ്റു ഫാമുകളിൽ നിന്നു തീറ്റ, പാത്രങ്ങൾ മറ്റു സാമഗ്രികൾ എന്നിവ ഫാമുകളിൽ കയറ്റരുത്.
∙ഫാമുകളിൽ പക്ഷികൾക്കു നൽകുന്ന ശുദ്ധജലം സുരക്ഷിതമായിരിക്കണം. ജലം ശേഖരിക്കുന്ന ഉറവിടങ്ങളും ജലം സൂക്ഷിക്കുന്ന ടാങ്കുകളും ശുദ്ധമാകാൻ ശ്രദ്ധിക്കണം.
∙ ഫാമിനുള്ളിൽ സന്ദർശകരെ അനുവദിക്കരുത്.
∙ഫാമിനുള്ളിൽ ഉപയോഗിക്കുന്ന ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവ ഫാമുകളിൽ തന്നെ സൂക്ഷിക്കണം. പുറത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ചെരിപ്പുകളും ഫാമിൽ പ്രവേശിപ്പിക്കരുത്.
∙എലികൾ ഫാമിൽ കയറാതെ ശ്രദ്ധ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com