ADVERTISEMENT

മുണ്ടക്കയം ∙ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം വീണ്ടും കഞ്ചാവ് കടത്തുകാരുടെ പ്രധാന കേന്ദ്രം ആകുന്നു.  തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കൈമാറുന്നതും വിൽപനയ്ക്കായി പല പൊതികളിൽ ആക്കുന്നതുമെല്ലാം ഇവിടെ നിന്നു തന്നെ. കഴിഞ്ഞ ദിവസം ഒരു കിലോയിൽ അധികം കഞ്ചാവുമായി 4 യുവാക്കളെ പൊലീസ് പിടികൂടിയതാണ് ഒടുവിലെ സംഭവം. എക്സൈസ് പരിശോധനകൾ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.

കമ്പം കടന്ന്
കമ്പത്ത് നിന്നും കഞ്ചാവ് കുമളി വഴി കടത്തിയാണ് മറ്റ് ജില്ലകളിലേക്ക് എത്തിക്കുന്നത്. മുൻപ് വാഹനങ്ങളിൽ കേരള തമിഴ്നാട് ചെക്ക് പോസ്റ്റ് കടത്തി കഞ്ചാവ് നേരിട്ട് എത്തിക്കുന്നതായിരുന്നു രീതി. എന്നാൽ പരിശോധനകൾ ശക്തമായതോടെ. മൊത്ത വിതരണക്കാർ റൂട്ട് മാറ്റി. കമ്പത്തുനിന്ന് സംസ്ഥാന അതിർത്തിയുടെ സമീപം വരെ എത്തിക്കുന്ന കഞ്ചാവ് പുലർച്ചെ ജോലിക്കായി അതിർത്തി വഴി നടന്നെത്തുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ മുഖേന അതിർത്തി കടത്തി കുമളിയിൽ എത്തിക്കും. ഇവിടെ നിന്നും കേരളത്തിലെ ആളുകൾക്ക് കഞ്ചാവ് കൈമാറും.

മാർഗം പൊതുഗതാഗതം
കോവിഡ് കാലത്തിനു മുൻപ് ബസ് സ്റ്റാൻഡിൽ നടത്തിയിരുന്ന പരിശോധനയിൽ ആഴ്ചയിൽ ശരാശരി മൂന്ന് ആളുകളെങ്കിലും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായിരുന്നു. എന്നാൽ ഇപ്പോൾ പരിശോധനകൾ പലപ്പോഴും നടക്കാറില്ല. റോഡിൽ വാഹന പരിശോധനകൾ ശക്തമായതോടെയാണു കഞ്ചാവ് കടത്തുകാർ ബസുകളിൽ യാത്ര തുടരുന്നത്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങളിൽ യുവാക്കൾ കഞ്ചാവ് കടത്തുന്നതായാണു വിവരം.

അതിർത്തി കടന്നാൽ പഴുതുകൾ ഏറെ
കേരള –തമിഴ്നാട് അതിർത്തി കടന്നാൽ പിന്നെ വഴിയിലെ പൊലീസ് എക്സൈസ് പരിശോധന മാത്രമാണ് ഉണ്ടായിരുന്നത്. കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തിയിൽ മുണ്ടക്കയത്ത് പ്രത്യേക പരിശോധനയ്ക്ക് ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. വാഹനപരിശോധനയ്ക്കിടെ രഹസ്യവിവരം കിട്ടുന്ന കേസുകൾ മാത്രമാണ് പിടിക്കപ്പെടുന്നത്. അതിർത്തി കടന്നെത്തുന്ന പച്ചക്കറി വാഹനം, കാള ചന്തകളിലേക്കു വരുന്ന ലോറികൾ ഇവയൊന്നും പലപ്പോഴും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.

ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തുന്നു; നാലു യുവാക്കൾ അറസ്റ്റിൽ 
മുണ്ടക്കയം ∙ ഒഡീഷയിൽ നിന്നും വിൽപനയ്ക്കായി കഞ്ചാവ് എത്തിച്ച കേസിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവുമായി കരിനിലം വരിക്കാനി മഠത്തിൽ വീട്ടിൽ എം.എസ്.ഉണ്ണിക്കുട്ടൻ (24), കരിനിലം 96 കവല ഭാഗത്ത് മണിമലത്തടം എൻ.എം. ദിനുക്കുട്ടൻ(24), ഇവർക്ക് സഹായം ചെയ്തു നൽകിയ കണ്ണിമല ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടിൽ അലൻ കെ.അരുൺ(24), എരുമേലി നേർച്ചപ്പാറ അഖിൽ നിവാസിൽ അഖിൽ അജി (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പൊലീസും ചേർന്ന് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കുട്ടനെയും ദിനുക്കുട്ടനെയും കഞ്ചാവുമായി കരിനിലം ഭാഗത്ത് നിന്നും പിടികൂടിയത്. ഇവരിൽ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും ഒഡീഷയിൽ നിന്നും ബാംഗ്ലൂർവഴി എറണാകുളത്ത് കഞ്ചാവ് എത്തിച്ചശേഷം ഇവിടെ നിന്നും കാറിൽ മുണ്ടക്കയത്ത് എത്തിക്കുകയായിരുന്നു. 

കഞ്ചാവ് എറണാകുളത്തുനിന്നു കടത്തിക്കൊണ്ടു വരാൻ ഉണ്ണിക്കുട്ടനെ സഹായിച്ച കേസിലാണ് അലനും, അഖിലും പൊലീസിന്റെ പിടിയിലായത്. സ്റ്റേഷൻ എസ്എച്ച്ഒ തൃദീപ് ചന്ദ്രൻ, എസ്ഐ മാരായ കെ.വി.വിപിൻ, അനിൽകുമാർ, എഎസ്.ഐ ഷീബ, സിപിഒമാരായ ബിജി, അജീഷ് മോൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com