ADVERTISEMENT

കോട്ടയം ∙ വടവാതൂർ ഇഎസ്ഐ ആശുപത്രിയിൽ ദന്തരോഗ വിഭാഗം ഒപിയിൽ പാമ്പു കയറി. ഡോക്ടറും രോഗിയും ഇറങ്ങിയോടി. ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിനിടെയാണ് മുറിയുടെ ഒരുഭാഗത്ത് പാമ്പിനെ കണ്ടത്. മോതിരവളയൻ വിഭാഗത്തിൽപെട്ട പാമ്പാണിതെന്നു ജീവനക്കാർ പറയുന്നു. ആശുപത്രി പരിസരം കാടു പിടിച്ച് കിടക്കുകയാണ്. തുറന്നുകിടന്ന ജനലിലൂടെ പാമ്പ് ഉള്ളിൽ കടന്നെന്നാണു നിഗമനം. കാടു നീക്കുന്നതിനു സ്വകാര്യ ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉടൻ പരിസരം വൃത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.  

ഐസിഎച്ച്  ക്വാർട്ടേഴ്സിലും പാമ്പ്
ഐസിഎച്ച് ആശുപത്രി ജീവനക്കാരുടെ ക്വർട്ടേഴ്സിലും ഇന്നലെ പാമ്പു കയറി. വനംവകുപ്പ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ (എസ്ഐപി) ടീം സ്ഥലത്തെത്തി. ‘വില്ലുന്നി’ എന്നറിയപ്പെടുന്ന പാമ്പിനെയാണ് ക്വർട്ടേഴ്സിനുള്ളിൽനിന്നു കണ്ടെത്തിയതെന്ന് എസ്ഐപി ടീം അറിയിച്ചു.

യാത്രക്കാരെ വലച്ച് പാമ്പ്; കാറിന്റെ ബോണറ്റിൽനിന്ന് കക്ഷിയെ ഇറക്കിവിട്ടു
എരുമേലി ∙ കാറിന്റെ ബോണറ്റിനുള്ളിൽ കയറിയ പാമ്പ് ഏറെ സമയം യാത്രക്കാരായ കുടുംബത്തെ മുൾമുനയിലാക്കി. ഞായറാഴ്ച വൈകിട്ട് 7നു  പൊന്തൻപുഴ ചാരുവേലി കവലയ്ക്ക് സമീപത്തുവച്ചാണ് പാമ്പ് കാറിൽ കയറിയത് പുതുപ്പള്ളി സ്വദേശി വെച്ചൂച്ചിറയിലെ ഭാര്യവീട്ടിലേക്കു കുടുംബവുമൊത്തു പോകുകയായിരുന്നു. ചാരുവേലി കവല കഴിഞ്ഞ് വളവുതിരിഞ്ഞ് ചെറിയ കയറ്റം കയറി നിരപ്പിൽ എത്തിയപ്പോഴാണ് റോഡിന്റെ അരികിൽ നിന്ന് പെട്ടെന്ന്  പാമ്പ് റോഡിലേക്ക് ചാടിയത്. പാമ്പിന്റെ ദേഹത്ത് കാർ കയറാതിരിക്കാനായി നിർത്തി.

എന്നാൽ പാമ്പ് മുൻപിലെ ടയറിന്റെ അടിയിലൂടെ  എൻജിന്റെ ഭാഗത്തേക്ക് കയറി ചുറ്റി ഇരിപ്പുറപ്പിച്ചു. കാർ നിർത്തിയ ശേഷം, പാമ്പ് കാറിൽ കയറിയ വിവരം സമീപത്തെ കടക്കാരോടും ഓട്ടോറിക്ഷ തൊഴിലാളികളോടും പറഞ്ഞു. നാട്ടുകാരും വാഹനയാത്രക്കാരും ഒപ്പം കൂടി. കാറിന്റെ ബോണറ്റ് തുറന്ന് പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടെത്തി. ഒരുമണിക്കൂർ പണിപ്പെട്ട് നാട്ടുകാർ പാമ്പിനെ നീക്കി. ഇതിനുശേഷമാണ് കുടുംബം യാത്ര പുറപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com