ADVERTISEMENT

ചങ്ങനാശേരി ∙ പോള തിങ്ങിനിറഞ്ഞ് പഴയ കോട്ടയം ജലപാത. കർഷകരും സമീപവാസികളും ദുരിതത്തിൽ. പഴയ കോട്ടയം ജലപാതയിൽ കുറ്റിശേരിക്കടവ് ഭാഗത്താണ് പോള അടിഞ്ഞ് കൂടിയിരിക്കുന്നത്. തോടിന്റെ കൈവഴികളിലും പോള തിങ്ങി നിറഞ്ഞു.ദുർഗന്ധവും കൊതുകിന്റെ ശല്യവും കാരണം വീടിനുള്ളിൽ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. കനത്ത മഴയത്തു പോലും ഈ പോളക്കൂട്ടങ്ങൾ ഒഴുകി നീങ്ങിയിട്ടില്ല. തോടിനു അരികിലിലുള്ള വീടുകൾ പലതും ഒറ്റപ്പെട്ട നിലയിലാണ്. വള്ളം പോലും ഇറക്കാൻ കഴിയാത്തതിനാൽ നാട് മുഴുവൻ ചുറ്റിക്കറങ്ങി വേണം ആളുകൾക്ക് വീടുകളിലെത്താൻ. വഴി മുടങ്ങുകയും പോള കാരണം ദുർഗന്ധം അസഹ്യമാകുകയും ചെയ്തപ്പോൾ സമീപവാസികൾ സ്വന്തം നിലയിൽ കാശു മുടക്കി പോള നീക്കാൻ ആരംഭിച്ചിരിക്കുകയാണ്.

350 ഏക്കറോളമുള്ള കടമ്പാടം ചേരിക്കലകം പാടശേഖരത്തിലേക്കു വിത്തും സാമഗ്രികളും ജലമാർഗമാണ് എത്തിച്ചിരുന്നത്.പോള തിങ്ങി നിറഞ്ഞതോടെ കിലോമീറ്ററുകൾ കറങ്ങി പറാൽ അറയ്ക്കൽ ക്ഷേത്രത്തിന്റെ സമീപത്തുളള വഴിയിലൂടെ പാടശേഖരത്തിലേക്ക് സാധനങ്ങൾ കൊണ്ടു വരണം.  വലിയ വാഹനങ്ങൾ ചെറിയ വഴിയിലൂടെ കടന്നു പോകാത്തതിനാൽ ചെറിയ വാഹനങ്ങളെ ആശ്രയിക്കണം.കൊയ്തെടുത്ത നെല്ലുകളും ഇങ്ങനെയാണ് പുറത്തെത്തിക്കുന്നത്. വാഹനത്തിനുള്ള കൂലിയും തൊഴിലാളികളുടെ കൂലിയും ഇരട്ടി നഷ്ടമാണെന്ന് കർഷകർ പറയുന്നു. 

പോള ബാക്കിവച്ചത്
തോട്ടിലെ പോള കാരണം കർഷകനായ കല്ലുകളം കെ.എം.വർഗീസിന്റെ കൃഷി ആവശ്യത്തിനായുള്ള വള്ളം നീറ്റിലിറങ്ങിയിട്ട് 4 വർഷമായി. വീടിനു സമീപം കയറ്റിയിട്ട വള്ളം പൂർ‌ണമായി നശിച്ചു. വിത്തുകളും കൃഷിക്കാവശ്യമായ സാധനസാമഗ്രികളും ഈ വള്ളത്തിലൂടെയാണ് എത്തിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com