ADVERTISEMENT

പാറത്തോട്∙ ദേശീയപാതയിൽ പൊടിമറ്റം ജംക്‌ഷനിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് മാസങ്ങളായി. ഇതോടെ അപകട സാധ്യതയും വർധിച്ചു. നിരപ്പായ റോഡ് കഴിഞ്ഞു വരുന്ന കൊടുംവളവ് വിദൂര സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹന ഡ്രൈവർമാർക്ക് അറിയാൻ ഇവിടെ മുന്നറിയിപ്പു ബോർഡുകളുമില്ല. ദേശീയപാതയിൽ മുണ്ടക്കയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിലെത്താതെ ആനക്കല്ലിലെത്തി ഈരാറ്റുപേട്ട റോഡിൽ പ്രവേശിച്ച് വിവിധ സ്ഥലങ്ങളിലേക്കു പോകാൻ കഴിയുന്ന പൊടിമറ്റം– ആനക്കല്ല് റോഡിലേക്ക് തിരിയുന്നത് ഇവിടെ നിന്നാണ്. കോളജ്, സ്കൂൾ, ആരാധനാലയങ്ങൾ, എന്നിവ സ്ഥിതി ചെയ്യുന്ന ജംക്‌ഷനാണ്. ഇവിടെയുള്ള സീബ്രാ വരകൾ പൂർണമായും മാ‍ഞ്ഞു. ഇതോടെ യാത്രക്കാർ ജീവൻ പണയം വച്ചാണ് റോഡിനു മറുവശത്തേക്കു കടക്കുന്നത്. 

കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒട്ടും സുരക്ഷിതമല്ല പൊടിമറ്റം ജംക്‌ഷൻ. പൊടിമറ്റം സെന്റ് ജോസഫ്സ് എൽപി സ്കൂൾ, പള്ളി, ധ്യാനകേന്ദ്രം,  സന്യാസ മഠങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിവിടം. കൂടാതെ വണ്ടൻപാറ, പൊന്മല, പൊടിമറ്റം പ്രദേശത്തെ നൂറ് കണക്കിന് ആളുകൾ ബസ് യാത്രയ്ക്ക് മാത്രം ഇവിടെയെത്തുന്നുണ്ട്. സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ ഇവിടെ റോഡിനു മറുവശം കടക്കാൻ സഹായിക്കുന്നത് ജംക്‌ഷനിലെ ഓട്ടോ ഡ്രൈവർമാരാണ്. മുണ്ടക്കയം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ ദേശീയ പാതയിൽ നിന്നും ആനക്കല്ല് റോഡിലേക്ക് തിരിയുന്നതിനായി ഡിവൈഡറോ മറ്റു സംവിധാനങ്ങളോ ഇല്ല. . കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിന്റെ പിന്നിൽ നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് അപകടമുണ്ടായി. മുൻപ് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ച് കയറിയും അപകടമുണ്ടായി.റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com