ചേർപ്പുങ്കൽ ഇടവകയിൽ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു
Mail This Article
ചേർപ്പുങ്കൽ∙ കോട്ടയം അതിരൂപതയുടെ ചേർപ്പുങ്കൽ സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിലെ വിശ്വാസ പരിശീലനത്തിന്റെയും അൽമായ സമുദായ സംഘടനകളുടെയും ഭക്തസംഘടനകളുടേയും സംയുക്ത വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയോടെയാണ് വാർഷികാഘോഷങ്ങൾക്കു തുടക്കമായത്. സമുദായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെയും ഭക്തസംഘടനകളായ വിൻസന്റ് ഡി. പോൾ, ലീജിയൺ ഓഫ് മേരി, ചെറുപുഷ്പ മിഷൻലീഗ്, തിരുബാലസഖ്യം എന്നിവയുടെയും വിശ്വാസപരിശീലനത്തിന്റെയും വാർഷികമാണ് സംഘടിപ്പിച്ചത്.
വികാരി ഫാ. ജിസ്‌മോൻ മരങ്ങാലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ മുഖ്യപ്രഭാഷണം നടത്തി. കെ.സി.സി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, വിശ്വാസപരിശീലന പ്രധാനാധ്യാപകൻ ജയ്‌മോൻ ജേക്കബ്, കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോയി ജോസഫ് വടക്കേക്കുറ്റ്, കെ.സി.വൈ.എൽ യൂണിറ്റ് ഡയറക്ടർ ഷിമി സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സ്‌കോളർഷിപ്പ്, സമ്മാന വിതരണവും സമ്മേളനത്തോടനുബന്ധിച്ച് നടന്നു.