ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ വീർപ്പുമുട്ടുകയാണ് ബസ് സ്റ്റാൻഡും യാത്രക്കാരും. കെകെ റോ‍ഡിലെ പ്രധാന കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽ നൂറുകണക്കിനു വരുന്ന ബസുകൾക്കായി ആകെയുള്ള ഇടുങ്ങിയ സ്റ്റാൻഡിലേക്കു ബസുകൾ പ്രവേശിക്കുന്നതും ഇറങ്ങുന്നതും സാഹസികമായാണ്. തെല്ലിട മാറിയാൽ വശങ്ങളിലെ കടയിൽ ഇടിക്കും. വഴിയിലെ അനധികൃത പാർക്കിങ് അപകട സാധ്യത വർധിപ്പിക്കുന്നു. ഇടുങ്ങിയ വഴിയിലൂടെ ബസുകൾ വരുമ്പോൾ കാൽനടക്കാർ കടകളിൽ അഭയം പ്രാപിക്കുന്നു.

പാർക്കിങ് സ്ഥലം കുറവ്, വെളിച്ചമില്ല
ദിവസവും നൂറോളം ബസുകൾ എത്തുന്ന സ്റ്റാൻഡിൽ 15 ബസുകൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമേ ഉള്ളൂ. ബാക്കിയുള്ളവ കയറിയിറങ്ങി പോവുകയാണ്. രാവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കിടയിലൂടെ യാത്രക്കാർ ജീവൻ പണയം വച്ചാണ് നടക്കുന്നത്. തിരക്കുള്ള സ്കൂൾ സമയത്തും മറ്റും അപകടസാധ്യത കൂടുതലാണ്. സ്റ്റാൻഡിലുള്ള ഹൈമാസ്റ്റ് ലൈറ്റ് പൂർണമായി പ്രവർത്തിക്കാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ല.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ അടച്ചുപൂട്ടിയ കംഫർട്ട് 
സ്റ്റേഷൻ.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ അടച്ചുപൂട്ടിയ കംഫർട്ട് സ്റ്റേഷൻ.

മഴക്കാലത്ത് ഉറവയുണ്ടായി സെപ്റ്റിക് ടാങ്കിലെ മലിനജലം സ്റ്റാൻഡിലേക്ക് ഒഴുകിയെത്തുന്നതിനാൽ കംഫർട്ട് സ്റ്റേഷൻ അടച്ചതു ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ദുരിതമായി. 2010ൽ 25 വർഷത്തേക്കു ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനാണ് പ്രയോജനമില്ലാതെ കിടക്കുന്നത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സമീപത്തെ ഹോട്ടലും മറ്റുമാണ് ഇവർ ആശ്രയിക്കുന്നത്. സ്ത്രീകൾ സ്റ്റാൻഡിനു പരിസരത്തുള്ള വീടുകളെയാണ് ആശ്രയിക്കുന്നത്. ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഹോട്ടലുകളും വീടുകളും തേടിപ്പോകാൻ സമയം ലഭിക്കാറില്ല. 

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്.

മാലിന്യത്തിൽ കുളിച്ച് സ്റ്റാൻഡും പരിസരവും
സമീപ സ്ഥാപനത്തിലെ ശുചിമുറി മാലിന്യം മഴയത്ത് സ്റ്റാൻഡിലൂടെ ഒഴുകുന്നതായി പരാതിയുണ്ട്. യാത്രക്കാർ മലിനജലത്തിൽ ചവിട്ടി വേണം നടക്കാൻ. സ്റ്റാൻഡിലേക്ക് എത്തുന്ന വഴിയിലും പൊതു കിണറിനു സമീപവും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ടിവിഎസ് റോഡിലേക്കുള്ള നടയിലും മാലിന്യങ്ങൾ നീക്കാതെ കിടക്കുന്നു. സ്റ്റാൻഡിലെയും സമീപത്തെയും അനധികൃത പാർക്കിങ് ഒഴിവാക്കി ബസുകൾക്കു സുഗമമായ പോകാനുള്ള സൗകര്യം ഒരുക്കണമെന്നും ബസിലെ അനധികൃത ഭിക്ഷാടനം ഒഴിവാക്കുക, ട്രാഫിക് അവലോകന യോഗങ്ങളിൽ ബസ് ഉടമകളെയും ജീവനക്കാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൊലീസിനു നിവേദനം നൽകിയിട്ടും നടപടിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com