ADVERTISEMENT

വൈക്കം ∙ വൈപ്പിൻപടിയിൽ കടയിൽ മോഷണം. 15,000ൽ അധികം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി ഉടമ പറഞ്ഞു. വൈപ്പിൻപടി തൊണ്ടിയിൽ അരുൺ ജി.പിള്ളയുടെ ഉടമസ്ഥതയിലുള്ള ബേക്കറിയിലും എസി വർക്ക് ഷോപ്പിലും തിങ്കളാഴ്ച രാത്രിയാണു മോഷണം നടത്തിയത്. ബേക്കറിയിൽ നിന്നു ബിസ്കറ്റ്, മിഠായി അടക്കമുള്ള ഭക്ഷണപദാർഥങ്ങളും എസി വർക്ക് ഷോപ്പിൽ നിന്നു കംപ്രസർ, കോപ്പർ പൈപ്പ്, മോട്ടർ തുടങ്ങിയവയും മോഷണം പോയി. മുൻപും പലതവണ ഇവിടെ മോഷണം നടന്നിരുന്നതായി കടയുടമ പറഞ്ഞു.

കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കടയുടെ സമീപത്തെ ഗ്രില്ല് ചാടി കടന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. നാലു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. ഇവരിൽ രണ്ടു പേരാണ് കടയിൽ കയറിയത്. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ കടയിലെ സാധന സാമഗ്രികൾ പരിശോധിക്കുന്നതും വാഹനങ്ങൾ വരുമ്പോൾ ഒളിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷണം നടത്തിയ ശേഷം നാലു പേർ വൈപ്പിൻപടി- മടിയത്തറ റോഡിലൂടെ നടന്നുപോകുന്നത് മടിയത്തറ റോഡിലെ വർക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.

മോഷണം നടന്നതിന് സമീപത്തുള്ള ആക്രിക്കടയിൽ ആഴ്ചകൾക്കു മുൻപ് കോപ്പർ പൈപ്പുകൾ വിൽക്കാനെത്തിയ യുവാക്കൾ കട ഉടമയെയും ജീവനക്കാരെയും ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. മോഷണവസ്തു എന്നു സംശയിച്ച് കടയുടമ സാധനം വാങ്ങാൻ തയാറാകാതെ വന്നതാണ് ആക്രമണം നടത്തിയതിനു പിന്നിൽ. വീട്ടിൽ ആളില്ലാത്ത സമയത്തു വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ വീടുകളുടെ ഉള്ളിൽ കയറി അരക്കോടിയിലധികം വിലമതിക്കുന്ന സ്വർണവും ഡയമണ്ടും ഉൾപ്പെടെ മോഷണം പോയി മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com