ADVERTISEMENT

കോട്ടയം ∙ അവശ്യ സാധനങ്ങൾ ലഭ്യമാക്കാതെ അവ വിറ്റില്ലെന്ന കാരണം കാട്ടി സപ്ലൈകോയിൽ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. മാസം 30 ലക്ഷം രൂപയുടെ കച്ചവടം നടത്തണമെന്നാണ് ജീവനക്കാർക്കു നൽകിയിരിക്കുന്ന നിർദേശം. എന്നാൽ ഇതിന്റെ പകുതി വിലയ്ക്കുള്ള അവശ്യസാധനങ്ങൾ പോലും എത്തിച്ചു നൽകുന്നില്ല.  ഏഴ് മുതൽ 11 വർഷം പിന്നിട്ട നാല് ദിവസവേതനക്കാരായ വനിതാ ജീവനക്കാരെ കഴിഞ്ഞദിവസം പിരിച്ചുവിട്ടു.

26നാണ് സപ്ലൈകോ ആസ്ഥാനത്ത് നിന്നും പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ദിനു സന്തോഷ്, മായാ പി.രാഘവൻ, സി.ആർ.സിന്ധു, എം.മഞ്ജുമോൾ എന്നിവരെ പിരിച്ചുവിട്ടത്. ഹൈപ്പർ മാർക്കറ്റിൽ മാസം 30 ലക്ഷം രൂപയെന്ന ടാർഗറ്റ് ദിവസ ജീവനക്കാർ പൂർത്തീകരിക്കരണം. 10 ജീവനക്കാർക്ക് ടാർഗറ്റ് പൂർത്തിയാക്കിയാൽ മാത്രമേ ശമ്പളം നൽകൂ. ദിവസം 575 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. പിഎഫും ഇഎസ്ഐയും കുറച്ചാൽ ലഭിക്കുന്നത് 500 രൂപ. എന്നാൽ ടാർഗറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ ദിവസ വേതനത്തിലും കുറവ് വരുത്തും.

എന്നാൽ ഈ മാസത്തെ 30 ലക്ഷമെന്ന ടാർഗറ്റ് കഴിഞ്ഞ ദിവസം തൊഴിലാളികൾ പൂർത്തീകരിച്ചെന്നും ഇവർ പറയുന്നു. 2015ൽ സപ്ലൈകോ പുറത്തിറക്കിയ ഉത്തരവിൽ 5  ദിവസ വേതനക്കാരെ ഹൈപ്പർ മാർക്കറ്റിൽ നിയമിക്കാനാണ് നിർദേശം. സൂപ്പർ മാർക്കറ്റിന് വലുപ്പം കൂടുതലായതിനാൽ രണ്ടാമത് പുറത്തിറക്കിയ മറ്റൊരു ഉത്തരവിൽ 4 പേരെ കൂടി നിയമിക്കാനും നിർദേശമുണ്ടായി. രണ്ടാമതിറക്കിയ ഉത്തരവ് സപ്ലൈകോ റദ്ദാക്കിയതാണ് നാല് പേരുടെ ജോലി നഷ്ടപ്പെട്ടതിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. 

നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികളുടെ നേതൃത്വത്തിൽ ഹൈപ്പർമാർക്കറ്റ് ഉപരോധിച്ചു. ഇന്നലെയും ഇന്നും എറണാകുളത്തെ സപ്ലൈകോ ആസ്ഥാനത്ത് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരോ ദിവസവും സമരത്തിന്റെ ചുമതല നൽകിയിരിക്കുന്നത് ഒരോ ജില്ലകൾക്കുമാണ്. തൊഴിലാളിവിരുദ്ധ നയം ഉപേക്ഷിക്കുക, സാധനങ്ങൾ കൃത്യമായി എത്തിക്കുക ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇന്ന്  ജില്ലയിലെ തൊഴിലാളികളാണ് സമരത്തിന് നേതൃത്വം നൽകേണ്ടത്. ഇതിനിടെയാണ് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്. 

പ‍ഞ്ചസാര വന്നിട്ട് പത്ത് മാസം 
ഹൈപ്പർ മാർക്കറ്റിൽ പഞ്ചസാര സ്റ്റോക്ക് എത്തിയിട്ട് 10 മാസം പിന്നിട്ടു. ഒഴിഞ്ഞ റാക്കുകൾ മാത്രമാണ് ഇവിടെ കാണാൻ പറ്റുന്നത്. കടുക്, ഉലുവ, ഉഴുന്ന് എന്നിവ വന്നിട്ടും മാസങ്ങൾ കഴിഞ്ഞു. സാധനങ്ങൾ എത്തിക്കാൻ കരാർ നൽകിയിരിക്കുന്ന കമ്പനികൾക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടതുണ്ട്. ഇക്കാരണം കൊണ്ടാണ് സാധനങ്ങൾ ഹൈപ്പർ മാർക്കറ്റിൽ എത്താത്തത്. സ്റ്റോക്ക് കുറഞ്ഞതോടെ വിൽക്കാൻ സാധനമില്ലാതെയായി. ഇതോടെ ജീവനക്കാരെ പിരിച്ചുവിട്ടു. 

റിപ്പോർട്ട് നൽകുമെന്ന് സപ്ലൈകോ 
സപ്ലൈകോ ജീവനക്കാരെ പിരിച്ച് വിട്ട സംഭവത്തിൽ സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ജില്ലാ നേതൃത്വവും സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തൊഴിലാളി പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്നാണ് എഐടിയുസി ജില്ലാ നേതൃത്വത്തിന് നൽകിയ ഉറപ്പ്. എഐടിയുസി നടത്തിയ സമരത്തിൽ നേതാക്കളായ ബിനു ബോസ്, സി.വി.ചെറിയാൻ, പി.കെ.ശശി, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സപ്ലൈകോ ഹൈപ്പർ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടിയ നിലയിൽ.
സപ്ലൈകോ ഹൈപ്പർ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടിയ നിലയിൽ.

സപ്ലൈകോ മെഡിക്കൽ സ്റ്റോർ അടച്ച് പൂട്ടിയിട്ട് ഒന്നരവർഷം 
കോട്ടയം ∙ സപ്ലൈകോ മെഡിക്കൽ സ്റ്റോർ അടച്ച് പൂട്ടിയിട്ട് ഒന്നരവർഷം. സപ്ലൈകോ ഹൈപ്പർ മാർക്കറ്റിനുള്ളിൽ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്റ്റോറാണ് ഫാർമസിസ്റ്റ് ഇല്ലെന്ന കാരണത്താൽ അടച്ചത്. മരുന്നുകൾ 12 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് വിൽപന നടത്തിയിരുന്നത്.  ഇൻസുലിന് 20 മുതൽ 24 ശതമാനം വരെ  വിലക്കുറവും ബിപിഎൽ കാർഡ് ഉടമകൾക്ക്  25 ശതമാനം വിലക്കുറവും നൽകിയിരുന്ന മെഡിക്കൽ സ്റ്റോറാണ് അടച്ചുപൂട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com