സിവിൽ സ്റ്റേഷൻ അനക്സ്: വെറുതേ കിടന്ന് നശിക്കരുത് ഈ കെട്ടിടസമുച്ചയം
Mail This Article
പാലാ ∙ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ട് ഒരു വർഷമായെങ്കിലും തുറക്കാൻ നടപടിയില്ല. റീജനൽ ട്രാൻസ്പോർട്ട് ഓഫിസും റവന്യു, എക്സൈസ് ഓഫിസുകളുടക്കം പ്രധാന ഓഫിസുകൾ ഇവിടേക്കു മാറ്റുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് ഫർണിഷിങ് നടത്താൻ ഫണ്ടില്ലെന്നു പറഞ്ഞാണ് മാറ്റാതിരിക്കുന്നത്. ടൗണിലെ സിവിൽ സ്റ്റേഷനിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നതും അവശേഷിച്ചതുമായ ഓഫിസുകൾ ഒരേ കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലാ - വൈക്കം റോഡിലെ നെല്ലിയാനിയിൽ വിശാലമായ പാർക്കിങ് സൗകര്യത്തോടെ ബഹുനില മന്ദിരം നിർമിച്ചത്.
3 നിലകൾക്കായി വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നില പൂർത്തിയായി. വിദ്യാഭ്യാസ വകുപ്പിന്റെ കൈവശത്തിലിരുന്ന ഭൂമി വിട്ടുകിട്ടുന്നതിനും ഇവിടെ പ്രവർത്തിച്ചിരുന്ന സർക്കാർ അച്ചടി സ്ഥാപനം മാറ്റുന്നതിനും ഉണ്ടായ കാലതാമസം നിർമാണം ആരംഭിക്കുന്നതിന് തടസ്സമായിരുന്നു. പിന്നീട് ഇവയെല്ലാം മാറ്റി വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് കെട്ടിടം പൂർത്തിയാക്കിയത്. ഇനി ഓഫിസുകൾ ഇവിടേക്കു വരാൻ എത്രകാലം കാത്തിരിക്കണം എന്നതാണ് ജനങ്ങളുടെ ചോദ്യം.
സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്, എക്സൈസ് ഓഫിസ് തുടങ്ങി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി കഴിയുന്ന ഒട്ടേറെ ഓഫിസുകൾക്ക് നവീനവും സ്ഥലസൗകര്യവുമുള്ള ഓഫിസ് ഇവിടെ ലഭ്യമാകും. ടൗൺ സിവിൽ സ്റ്റേഷൻ വളപ്പിലെ ഇടുങ്ങിയ സ്ഥലത്ത് പാർക്കിങ്ങിനു പോലും വിഷമിക്കുമ്പോൾ നെല്ലിയാനിയിൽ വിശാലമായ സൗകര്യങ്ങളാണുള്ളത്. 3 കോടി രൂപ മുടക്കിൽ റവന്യു ഫണ്ട് വിനിയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.