ADVERTISEMENT

കടുത്തുരുത്തി ∙ ശമ്പളം ചോദിച്ചപ്പോൾ ക്ലീനറെ സിഗരറ്റ് വാങ്ങാൻ പറഞ്ഞയച്ച് ലോറി ഉടമ വാഹനവുമായി മുങ്ങി. വിശപ്പകറ്റാൻ ഭക്ഷണവും നാട്ടിലെത്താൻ പണവുമില്ലാതെ വലഞ്ഞ കർണാടക സ്വദേശിയായ യുവാവിന് ഓട്ടോ തൊഴിലാളികൾ പിരിവെടുത്തു ഭക്ഷണവും വണ്ടിക്കൂലിയും നൽകി ട്രെയിൻ കയറ്റി നാട്ടിലേക്കയച്ചു. കർണാടകയിൽ നിന്നെത്തിയ നാഷനൽ പെർമിറ്റ് ലോറിയുടെ ക്ലീനർ വി.ജോസഫിനാണ് (24) കുറുപ്പന്തറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ തുണയായത്. തിരുവനന്തപുരത്ത് ലോഡുമായി എത്തിയതായിരുന്നു ലോറി. 

ഉടമ തന്നെയാണ് ഡ്രൈവറും. തിരികെ ലോഡുമായി പോകും വഴി ശനിയാഴ്ച രാത്രി 11 മണിയോടെ കോട്ടയത്ത് എത്തിയപ്പോഴാണു ജോസഫിനെ ലോറി ഉടമ വഴിയിൽ ഉപേക്ഷിച്ചത്. ഒരു മാസത്തെ ശമ്പളമായ 8000 രൂപ ജോസഫ് ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഉടമ മുങ്ങിയത്. ജോസഫിന്റെ വസ്ത്രവും പഴ്സും മൊബൈൽ ഫോണും ലോറിയിലായിരുന്നു. ലോറി ഉടമ  ജോസഫിന്റെ അയൽക്കാരനാണ്.   പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നു ജോസഫ് പറഞ്ഞു. 

എറണാകുളത്തേക്കു പോകാൻ ഇന്നലെ വൈകിട്ട് ട്രെയിനിൽ കയറി. ടിക്കറ്റ് എടുക്കാത്തതിനാൽ കുറുപ്പന്തറയിൽ എത്തിയപ്പോൾ ജോസഫിനെ ഇറക്കിവിട്ടു. വിശന്നു വലഞ്ഞു നടക്കുന്നതിനിടയിൽ ജോസഫ് ഓട്ടോ ഡ്രൈവർമാരോട് തനിക്കുണ്ടായ ദുരനുഭവം പറഞ്ഞു. തുടർന്ന് ഓട്ടോ ഡ്രൈവർമാർ ഭക്ഷണം വാങ്ങിനൽകി. പിരിവെടുത്ത് 520 രൂപയും നൽകി. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളത്തേക്കു ടിക്കറ്റ് എടുത്തു നൽകി മംഗലാപുരത്തേക്കു യാത്രയാക്കി. തന്നെ സഹായിച്ച ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ നമ്പറും വാങ്ങിയാണു ജോസഫ് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com