ADVERTISEMENT

മുണ്ടക്കയം ∙ നിലയ്ക്കാതെയുള്ള പെരുമഴ വെള്ളിയാഴ്ച രാത്രി മലയോര നിവാസികളുടെ ഉറക്കം കെടുത്തിയെങ്കിലും വലിയ അപകടങ്ങളില്ലാതെ ഭാഗ്യം കാത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി മുതലാണു മഴ ആരംഭിച്ചത്. ആറുമണിയോടെ ശക്തമാകുകയും പെരുമഴ പോലെ നിലയ്ക്കാതെ രാത്രി രണ്ടര വരെ പെയ്യുകയുമായിരുന്നു. കാവാലി റൂട്ടിൽ മലയിടിച്ചിൽ ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ മേഖലയിൽ ഉണ്ടായില്ല.

മണിമലയാറിനു കുറുകെയുള്ള പഴയിടം കോസ്‌വേയിൽ വെള്ളിയാഴ്ച രാത്രി വെള്ളം കയറിയപ്പോൾ.
മണിമലയാറിനു കുറുകെയുള്ള പഴയിടം കോസ്‌വേയിൽ വെള്ളിയാഴ്ച രാത്രി വെള്ളം കയറിയപ്പോൾ.

പൂഞ്ഞാർ കാവാലി റൂട്ടിൽ അനങ്ങുംപടയിലാണു മലയിടിഞ്ഞു റോഡിലേക്ക് പതിച്ചത്. ഇൗ സമയം വാഹനങ്ങൾ ഒന്നും തന്നെ റോഡിൽ ഉണ്ടായിരുന്നില്ല. രാവിലെ തന്നെ അധികൃതർ റോഡിലെ മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. മഴയിൽ പുല്ലകയാർ, മണിമലയാർ എന്നിവ നിറഞ്ഞൊഴുകി, മുണ്ടക്കയം ബൈപാസ് റോഡിൽ തോട് കരകവിഞ്ഞ് നാല് വീടുകളിൽ വെള്ളം കയറി.


കനത്തമഴയെ തുടർന്നു മുണ്ടക്കയം കോരുത്തോട് റോഡിൽ ഡ്രീം നഗറിൽ വലിയപുതുശേരി ജേക്കബ് 
കോശിയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ.
കനത്തമഴയെ തുടർന്നു മുണ്ടക്കയം കോരുത്തോട് റോഡിൽ ഡ്രീം നഗറിൽ വലിയപുതുശേരി ജേക്കബ് കോശിയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ.

ഏന്തയാറിൽ ജീമോൻ കല്ലുപുരയ്ക്കൽ എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപം തിട്ടയിൽ കുഴി രൂപപ്പെടുകയും സ്ഫോടക വസ്തുവിന്റെ ഗന്ധത്തിൽ വെള്ളം പതഞ്ഞു പൊങ്ങുകയും ചെയ്തു. ഇവിടെ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുകയും അധികൃതർ പരിശോധന നടത്തുകയും ചെയ്തു.

kottayam-rain-4

കിഴക്കൻമേഖലയിൽ അതിതീവ്രമഴ
എരുമേലി /കാഞ്ഞിരപ്പള്ളി / മുണ്ടക്കയം ∙ കിഴക്കൻ മലയോരമേഖലയിൽ കനത്ത മഴയെത്തുടർന്ന് ആറുകൾ കരകവിഞ്ഞു. വെള്ളിയാഴ്ച വൈകിട്ടു മുതൽ പെയ്ത കനത്തമഴയിൽ മണിമല, പമ്പ, അഴുത ആറുകളിൽ ജലനിരപ്പ് അപകടനിലയിലായി. കോസ്‌വേകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ അതിതീവ്ര മഴയാണ്.ഇവിടെ 200 മില്ലി മീറ്ററിൽ കൂടുതലാണ് പെയ്തത്.

kottayam-rain-3

തലനാട്, കൂട്ടിക്കൽ, പൂഞ്ഞാർ, തീക്കോയി, എരുമേലി പ്രദേശങ്ങളിലാണ് ശക്തമായ മഴ. മണിമല, മീനച്ചിൽ ആറുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. മണിമലയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. രാത്രി പെയ്ത മഴയിൽ ആറുകളുടെയും തോടുകളുടെയും സമീപമുള്ള വീടുകളിലും കടകളിലും കോസ്‌വേകളിലും കയറിയ വെള്ളം പുലർച്ചയോടെ ഇറങ്ങി.

മണിമലയാർ: കേന്ദ്ര ജല കമ്മിഷന്റെ ഓറഞ്ച് അലർട്ട് 
കാഞ്ഞിരപ്പള്ളി ∙ കേന്ദ്ര ജലകമ്മിഷന്റെ കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലായി. 

നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  നദികളിൽ ഇറങ്ങാനോ നദി കടക്കാനോ പാടില്ല.പ്രളയസാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് മാറിത്താമസിക്കണം. തീരത്തോടുചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കോസ്‌വേകൾ മുങ്ങി
∙ പഴയിടം, ഓരുങ്കൽക്കടവ്, മൂക്കൻപെട്ടി, കോസ്‌വേകളിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. രാവിലെയോടെ വെള്ളം ഇറങ്ങിതോടെ ഗതാഗതം സാധാരണ നിലയിലായി.

കുടുംബങ്ങളെ ഒഴിപ്പിച്ചു 
തൊടുപുഴ ∙ കൊക്കയാറിലെ അപകടസാധ്യതാ സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കൊക്കയാർ സിഎസ്ഐ പള്ളി പാരിഷ്ഹാളിൽ ക്യാംപ് ആരംഭിച്ചു. 10 കുടുംബങ്ങളിലെ 35 പേരാണ് ക്യാംപിലുള്ളത്. 

മലയോര മേഖലയിൽ പെയ്ത മഴ. (ഇന്നലെ രാവിലെ 8 വരെയുള്ള 24 മണിക്കൂർ)
ജില്ലയിലെ  ആകെ മഴ : 874.6 മില്ലി മീറ്റർ, 
ശരാശരി മഴ : 109
∙ മുണ്ടക്കയം – 242 
∙ ബോയ്സ് എസ്റ്റേറ്റ് – 233 
∙ കാഞ്ഞിരപ്പള്ളി – 156.4
∙ തീക്കോയി– 104 
∙ ഈരാറ്റുപേട്ട– 90 
∙ പാമ്പാടി – 31.4 
∙ കോഴ – 7.4 
∙ കോട്ടയം- 10.4 
കണക്ക് മില്ലിമീറ്ററിൽ
(അവലംബം ജില്ലാ ഹൈഡ്രോളജി വിഭാഗം, കോട്ടയം)
മറ്റ് മേഖലകളിൽ
∙ പറത്താനം – 232.2 
∙ വല്ലീറ്റ – 210.8 
∙ കാവാലി – 223.6 |
∙ കൂട്ടിക്കൽ ടൗൺ – 215 
(മീനച്ചിൽ റിവർ റെയ്ൻ മോണിറ്ററിങ് നെറ്റ്​വർക്ക്).

English Summary:

Mundakayam Battles Heavy Rains, Rivers Overflow but No Major Damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com