ADVERTISEMENT

കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളിൽ നിന്നും ഐസിയു, വെന്റിലേറ്റർ ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള  ആശുപത്രി വികസന സമിതിയുടെ നീക്കം വിവാദത്തിലേക്ക്.  ഫീസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസും മറ്റ് പ്രതിഷേധ പാർട്ടികളും രംഗത്തെത്തി. ഐസിയുവിൽ കിടക്കുന്ന രോഗികളിൽ നിന്നും പ്രതിദിനം 500 രൂപയും വെന്റിലേറ്റർ രോഗികളിൽ നിന്നും ദിനംപ്രതി 750 രൂപ വാങ്ങുവാനാണ് എച്ച്ഡിഎസ് തീരുമാനം. ഇതനുസരിച്ച് ഐസിയു രോഗികളിൽ നിന്നും 500 രൂപ വീതം ഈടാക്കുന്നുണ്ട്.  ജനുവരി എട്ടിനു മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ചേർന്ന ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഈ തീരുമാനം എടുത്തത്.

വരുമാനം വർധിപ്പിക്കാനെന്ന കാരണം പറഞ്ഞ് അജൻഡയിലെ ഇതര വിഷയങ്ങളിൽ പത്താമത്തെ ഇനമായി പദ്ധതി പാസ്സാക്ക‌ുകയായിരുന്നു. ജനുവരിയിൽ നടന്ന യോഗത്തിന്റെ മിനിറ്റ്സ് കഴിഞ്ഞ മാസം 26നു ചേർന്ന യോഗത്തിൽ വിതരണം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തൃശൂർ, ആലപ്പുഴ അടക്കമുള്ള മറ്റ് മെഡിക്കൽ കോളജുകളിൽ ഈ ഇനത്തിൽ ഫീസ് വാങ്ങുന്നില്ല. 5 ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിനു രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്.  ഇവിടെയെത്തുന്ന ഭൂരിഭാഗം ആളുകളും നിർധനരാണ്. നാട്ടുകാർ പിരിവെടുത്ത് കൊടുത്ത് ചികിത്സ നടത്തുന്നവരും, മരുന്ന് വാങ്ങാൻ പോലും പണം ഇല്ലാത്തവരുമാണ് കൂടുതലും.

നിലവിൽ ആരോഗ്യ ഇൻഷുറൻസും ‌ആശുപത്രിയിൽ ഇല്ല.  ഇതിനിടയിലാണ് ഐസിയു, വെന്റിലേറ്റർ ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള  ആശുപത്രി വികസന സമിതിയുടെ നീക്കം. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.  വികസന സമിതിയുടെ കീഴിൽ മാത്രം ആയിരത്തിനാനൂറോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇത്തരത്തിൽ അനാവശ്യമായി ജീവനക്കാരെ നിയമിക്കുകയും അവർക്ക് ശമ്പളം കൊടുക്കാൻ പോലും പണം തികയാത്ത അവസ്ഥയുമാണ്. 

ഈ സാഹചര്യത്തിലും ആശുപത്രിക്കു  ഗേറ്റ് പണിയുവാൻ വികസന സമിതി  42 ലക്ഷത്തിലധികം രൂപ വകയിരുത്തി. ഈ പണം സാധാരണക്കാർക്ക് ലഭിക്കേണ്ടതാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇതേ സമയം കേരളത്തിൽ ഏറ്റവും കൂടുതൽ  രോഗികളെത്തുന്ന മെഡിക്കൽ കോളജ് ആണ് കോട്ടയമെന്നും സാധാരണക്കാരിൽ നിന്നും ഒരു രൂപ പോലും ഈടാക്കുന്നില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരിൽ നിന്നുമാത്രമാണ് ഫീസ് ഈടാക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന പണം സാധാരണക്കാരായ രോഗികളുടെ പരിപാലനത്തിനാണ് ഉപയോഗിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. 

വിഷയം ഗൗരവമായാണ് കാണുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നത് അംഗീകരിക്കാം. പക്ഷേ ഇവിടെ അതല്ല. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മരുന്നില്ല, എല്ലാം പുറത്തേക്ക് എഴുതി കൊടുക്കുന്ന രീതിയാണ്. സമ്പന്നർക്ക് മാത്രം ചികിത്സ ഉറപ്പാക്കുന്ന നിലയിലേക്കു ആശുപത്രിയെ എത്തിക്കുകയാണ്. സർക്കാരിന്റെ നിബന്ധന അനുസരിച്ച് സൗജന്യ ചികിത്സയാണ് നൽകേണ്ടത്. ഇതിനു ഫീസ് ഈടാക്കുന്നത് അനുവദിക്കാനാവില്ല. കോട്ടയം മെഡിക്കൽ കോളജിന്റെ യശസ്സ് ഉയരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം അതു പക്ഷേ രോഗികളിൽ നിന്നും പണം പിഴിഞ്ഞെടുക്കുന്നതിലാവരുത്. 

English Summary:

The Hospital Development Committee's move to charge patients for ICU and ventilator treatment at the Kottayam Medical College Hospital has come under controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com