ADVERTISEMENT

ചങ്ങനാശേരി ∙ മനസ്സിനു കുളിരേകുന്ന ആമ്പൽക്കാഴ്ചകൾ ഇവിടെ ചങ്ങനാശേരിയിലും കാണാം. പറാൽ – കുമരങ്കരി റോഡിലൂടെ സഞ്ചരിച്ചാൽ ഇരുവശത്തമുള്ള ഏക്കറുകണക്കിനു പാടശേഖരങ്ങളിലായി നോക്കത്താദൂരത്തോളം പരന്നു കിടക്കുകയാണ് ആമ്പലുകൾ. പ്രദേശവാസികൾ അല്ലാതെ പുറത്തുള്ളവർക്ക് ഇവിടത്തെ ആമ്പൽക്കാഴ്ചകളെ കുറിച്ച് അധികം അറിയില്ല.

രാവിലെ 6 മുതൽ 7.30 വരെയാണ് കാഴ്ചയ്ക്ക് പറ്റിയ സമയം. മുൻപും ഇവിടെ ആമ്പൽപൂക്കൾ വിരിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയധികം പൂക്കൾ വിരിയുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. മലരിക്കൽ പോലെ ആമ്പൽ ടൂറിസത്തിനുള്ള സാധ്യത പറാൽ– കുമരങ്കരിയിലുമുണ്ട്. ഇവിടത്തെ ആമ്പൽക്കാഴ്ചകൾ പുറംലോകത്തെ അറിയിക്കാനും അതിലൂടെ പ്രദേശവാസികൾക്ക് വരുമാനം നേടാനും ടൂറിസം പ്രമോഷൻ കൗൺസിലും തദ്ദേശസ്ഥാപനവും ശ്രമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ടൂറിസം സാധ്യത
∙ പാടേശഖരങ്ങളിലൂടെ കാഴ്ചകൾ കണ്ട് പോകാൻ ആളുകൾക്കായി വള്ളങ്ങൾ ക്രമീകരിക്കാം. പ്രദേശവാസികൾക്ക് തന്നെ വള്ളം ഇറക്കാം, ഇതിലൂടെ വരുമാനം നേടാം.
∙ വെഡിങ് ഫോട്ടോഷൂട്ടുകൾക്കും ചിത്രീകരണങ്ങൾക്കുമായി പ്രത്യേക ഇടങ്ങൾ ഒരുക്കിയാൽ പറാലിലെ ആമ്പൽക്കാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വൈറലാകും, കൂടുതൽ ആളുകളെത്തും.
∙ ഹരിതചട്ടം പാലിച്ചുള്ള താൽക്കാലിക ഭക്ഷണശാലകൾ വീടുകൾക്ക് മുൻപിലും മറ്റിടങ്ങളിലും പ്രദേശവാസികൾക്ക് ക്രമീകരിക്കാം.
∙ വീടുകൾക്ക് മുൻപിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതും വീടുകളിലെ ശുചിമുറി നിശ്ചിത നിരക്കിൽ നൽകുന്നതും ഇവിടെയുള്ളവർക്ക് വരുമാനമാർഗമാണ്.

ഇവിടേക്ക് എത്താൻ
ചങ്ങനാശേരി മാർക്കറ്റ് റോഡിലൂടെ പേട്ടയിലെത്തണം. തുടർന്ന് പറാൽ – കുമരങ്കരി റോ‍ഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ ആമ്പൽക്കാഴ്ചകൾ കാണാം.
∙ കിടങ്ങറ – തുരുത്തി റോഡിലൂടെ എത്തുന്നവർ കുമരങ്കരിയിലെത്തി പറാൽ റോഡിലേക്ക് പ്രവേശിച്ചാൽ ആമ്പൽക്കാഴ്ചകൾ കാണാം.

English Summary:

Explore Changanassery's Stunning Water Lily Fields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com