മാർ തോമസ് തറയിലിന് ഇന്ന് മാതൃഇടവകയിൽ വരവേൽപ്
Mail This Article
ചങ്ങനാശേരി∙ നിയുക്ത മെത്രാപ്പൊലീത്ത മാർ തോമസ് തറയിലിന് ഇന്ന് മാതൃഇടവക കൂടിയായ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ നൽകുക ഉജ്വല വരവേൽപ്. വൈകിട്ട് നാലിന് അദ്ദേഹത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. മെത്രാപ്പൊലീത്തൻ പള്ളി വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം അദ്ദേഹത്തെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു പ്രാർഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് പ്രസംഗിക്കും. മാർ തോമസ് തറയിൽ മറുപടി പ്രസംഗം നടത്തി ശ്ലൈഹിക ആശീർവാദം നൽകും. തുടർന്ന് അദ്ദേഹം കബറിടപ്പള്ളിയിൽ സഭാ പിതാക്കന്മാരുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും.
മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ.വർഗീസ് താനമാവുങ്കൽ, ഫാ.ഡോ. ഐസക് ആഞ്ചേരി, ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഇടവക കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. മാർ തോമസ് തറയിലിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾക്കെല്ലാം മെത്രാപ്പൊലീത്തൻ പള്ളി സാക്ഷിയായിട്ടുണ്ട്. മാമ്മോദിസ, തൈലാഭിഷേകം, ആദ്യ കുർബാന, പൗരോഹിത്യം, മെത്രാഭിഷേകം എന്നിവയെല്ലാം ഈ മാതൃദേവാലയത്തിലാണ് നടന്നത്. 2017 ഏപ്രിൽ 23നാണ് അദ്ദേഹം ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കൈവയ്പ് വഴി മെത്രാഭിഷിക്തനായത്.