മെഡിക്കൽ കോളജ് കവാടത്തിന്റെ നിർമാണം പൂർത്തിയാകുന്നു
Mail This Article
ഗാന്ധിനഗർ ∙ പ്രവേശന കവാടമില്ലാത്ത ഏക ഗവ. മെഡിക്കൽ കോളജ് എന്ന പേരുദോഷം കോട്ടയം മെഡിക്കൽ കോളജിനു മാറുന്നു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകുന്ന കമാനത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ചില്ലറ മിനുക്കുപണികൾ കൂടി പൂർത്തിയായാൽ വജ്ര ജൂബിലി ഗേറ്റ് നാടിനു സമർപ്പിക്കും. കോട്ടയം മെഡിക്കൽ കോളജിലെ 1981 എംബിബിഎസ് ബാച്ച് ആണ് സ്വന്തം കലാലയത്തിനു മനോഹരമായ കമാനം നിർമിച്ചു നൽകുന്നത്. 21 ലക്ഷത്തോളം രൂപയാണ് നിർമാണച്ചെലവ്. സർജിക്കൽ- ഫൊറൻസിക് വിഭാഗത്തിൽ നിന്ന് പ്രധാന റോഡിലേക്കു കടക്കുന്ന ഭാഗത്താണ് കവാടം നിർമിച്ചിരിക്കുന്നത്.
1981 എംബിബിഎസ് ബാച്ചിന്റെ പ്രതിനിധിയായ ഡോ. കെ.ജയപ്രകാശ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.അജിത്ത് കുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, വജ്ര ജൂബിലി കമ്മിറ്റി സെക്രട്ടറി ഡോ. ടിജി തോമസ് ജേക്കബ് എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി പൂർത്തിയാക്കുന്നത്.
നാലര കോടിയോളം രൂപ ചെലവഴിച്ച് ഒട്ടേറെ വികസന പദ്ധതികളാണ് പൂർവ വിദ്യാർഥികൾ കോട്ടയം മെഡിക്കൽ കോളജിൽ നടപ്പിലാക്കിയത്. വാഹനങ്ങൾ അകത്തേക്കു പ്രവേശിക്കുന്ന ഭാഗത്ത് ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ മറ്റൊരു ഗേറ്റ് കൂടി നിർമിക്കുന്നുണ്ട്. അടിപ്പാതയുടെ നിർമാണം പൂർത്തിയായതിനു ശേഷമാകും ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുക.