ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി–മണിമല റോഡിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. അറ്റകുറ്റപ്പണികൾക്കായി കിഫ്ബി മാസങ്ങൾക്കു മുൻപു 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണികൾ നടത്തിയിരുന്നില്ല. ഇതോടെ വർഷങ്ങളായി തകർന്നു കിടന്ന റോഡിന്റെ ശോച്യാവസ്ഥ, കഴിഞ്ഞ 18ന് എരുമേലിയിലും ഇടക്കുന്നത്തും എത്തിയ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പണികൾ ആരംഭിച്ചു. 

കാഞ്ഞിരപ്പള്ളി– മുതൽ മണ്ണനാനി വരെയുള്ള 8 കിലോമീറ്റർ ഭാഗത്തും മണിമല മുതൽ കുളത്തൂർമൂഴി വരെയുള്ള റോഡിലെ തകർന്ന 5 കിലോമീറ്റർ ഭാഗത്തുമാണു അറ്റകുറ്റപ്പണികൾ നടത്തുന്നത്. അതീവ ശോച്യാവസ്ഥയിലായ ഭാഗത്തു റീടാറിങ്ങും മറ്റിടങ്ങളിൽ കുഴികൾ അടയ്ക്കുന്ന ജോലികളുമാണ് ആരംഭിച്ചത്.നിർദിഷ്ട കാഞ്ഞിരപ്പള്ളി – മണിമല– കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി– മണിമല റോഡും കിഫ്ബി ഏറ്റെടുത്തിരുന്നു.

പദ്ധതിക്കു കിഫ്ബി അനുവദിച്ച 78 കോടി രൂപയ്ക്കു ഭരണാനുമതിയും ലഭിച്ചു. എന്നാൽ ലിങ്ക് റോഡിന്റെ നിർമാണത്തിനു മുന്നോടിയായി പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും മറ്റും മാറ്റി സ്ഥാപിക്കുന്നതിനു വിവിധ വകുപ്പുകൾ ആവശ്യപ്പെട്ട യൂട്ടിലിറ്റി ഷിഫ്റ്റിങ് തുക കൂടുതലായതിനാൽ എസ്റ്റിമേറ്റ് തുക 87 കോടിയായി വർധിപ്പിക്കേണ്ടി വന്നു.   

എസ്റ്റിമേറ്റ് വർധിപ്പിച്ചു നിർമാണ പ്രവർത്തനങ്ങൾ ടെൻഡർ ചെയ്യാനുള്ള നടപടികളും ഇതോടെ വൈകി.കാഞ്ഞിരപ്പള്ളി–മണിമല റോഡിന്റെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഭാഗവും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗവും മണിമല മുതൽ വെള്ളാവൂർ വടകര വഴി കുളത്തൂർമൂഴി വരെയുള്ള ഭാഗവും ഉൾപ്പെടുന്ന 24 കിലോമീറ്റർ ദൂരമാണു നിർദിഷ്ട ലിങ്ക് റോഡിനുള്ളത്.

ഇതിൽ മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗം ഒഴിച്ചുള്ള 18 കിലോമീറ്റർ ദൂരം ആധുനിക നിലവാരത്തിൽ നവീകരിച്ചു ലിങ്ക് റോഡ് നിർമിക്കുന്നതാണു പദ്ധതി. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണ ഭാഗമായി മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗം നിലവിൽ മികച്ച നിലവാരത്തിൽ നവീകരിച്ചിട്ടുള്ളതിനാലാണ് ഈഭാഗം പദ്ധതിയിൽ നിന്നും ഒഴിവാക്കിയത്.

English Summary:

The long-awaited repairs of the Kanjirappally-Manimala Road are finally underway after years of deterioration. Following media coverage and public pressure, work began last week on the 8 km stretch from Kanjirappally to Mannanani and the 5 km stretch from Manimala to Kulathoormoozhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com