ഇരട്ടി ‘മധു’രപ്പിറന്നാൾ; കാണാനെത്തിയ സുരേഷ് ഗോപിക്ക് നൽകിയത് ഒരു സ്വർണമോതിരം !
Mail This Article
തിരുവനന്തപുരം∙ ലളിതമായാണ് ആഘോഷിച്ചതെങ്കിലും അപ്രതീക്ഷിത അതിഥികളുടെ കടന്നുവരവ് ചലച്ചിത്ര താരം മധുവിന്റെ 91–ാം പിറന്നാൾ ദിനം അവിസ്മരണീയമാക്കി. ‘മധുസാറി’ന്റെ പിറന്നാൾ അറിഞ്ഞെത്തിയവരിൽ പ്രധാനി കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. അവർക്കൊപ്പം പിറന്നാൾ മധുരം പങ്കിട്ട് മധു പറഞ്ഞു: ‘വളരെ സന്തോഷം. എല്ലാവരും കൂടിയെത്തുമെന്ന് പ്രതീക്ഷിച്ചതല്ല.’സുരേഷ് ഗോപി മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പകരമായി മലയാള സിനിമയുടെ കാരണവർ നൽകിയത് ഒരു സ്വർണമോതിരം ! കേന്ദ്രമന്ത്രിയായതിലുള്ള അഭിനന്ദന സൂചകമായിട്ടായിരുന്നു സമ്മാനം. ഏറെ നേരം മധുവിനും കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
വീട്ടിലുണ്ടാക്കിയ ജന്മദിന പായസത്തിന് രുചിയേറെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാര്യ രാധികയും അമ്മ ഇന്ദിരാമ്മയും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു. ‘ചോതി’ നക്ഷത്രക്കാരനായ മധുവിന്റെ നാൾ അനുസരിച്ചുള്ള പിറന്നാൾ വരുന്ന 5ന് ആണ്. ആ ദിവസം വലിയൊരു ആഘോഷമാക്കാൻ ആലോചിക്കുന്നുണ്ടെന്നും മധു അനുമതി നൽകിയെന്നും സുരേഷ് ഗോപി അറിയിച്ചു. 'ലാലിനെയും മമ്മൂട്ടിയെയും വിളിച്ച് സംസാരിച്ചശേഷം ഇക്കാര്യം ഉറപ്പിക്കും. ചെറിയ രീതിയിൽ ഈ വീട്ടിൽ തന്നെ ആഘോഷം നടത്താനാണ് മധുസാറിനു താൽപര്യം'’- സുരേഷ് ഗോപി പറഞ്ഞു.
ഉച്ചയ്ക്കു ചെറിയൊരു സദ്യ. പിറന്നാൾ വാർത്തയറിഞ്ഞ് കണ്ണമ്മൂലയിലെ ‘ശിവഭവനത്തി’ലേക്ക് എത്തിയവർക്കെല്ലാം പായസം നൽകി. ഭാര്യയുടെ മരണശേഷം മധു പിറന്നാളുകൾ കാര്യമായി ആഘോഷിക്കാറില്ല. മകൾ ഉമയുടെ നേതൃത്വത്തിലാണ് സദ്യയും ഒരുക്കിയത്. പതിവുപോലെ ക്ഷേത്രങ്ങളിൽ അർച്ചനയും നിവേദ്യവും നൽകി. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രതാരങ്ങൾ സമൂഹമാധ്യമത്തിലൂടെ മധുവിന് പിറന്നാൾ ആശംസകൾ നേർന്നു.