തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിൽ ദുരിതയാത്ര; 2 വനിതാ യാത്രക്കാർ കുഴഞ്ഞുവീണു
Mail This Article
കോട്ടയം / കൊച്ചി / തിരുവല്ല ∙ ഓണാവധി കഴിഞ്ഞുള്ള വൻതിരക്കിനെ തുടർന്നു തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിൽ യാത്രാദുരിതം. പിറവത്തിനും മുളന്തുരുത്തിക്കും ഇടയിൽ ഇന്നലെ രാവിലെ 2 വനിതാ യാത്രക്കാർ കുഴഞ്ഞുവീണു. പിറവം റോഡിൽ നിന്നു പുറപ്പെട്ട ട്രെയിൻ മുളന്തുരുത്തിയിൽ എത്തുന്നതിനു മുൻപാണ് ഇവർ കുഴഞ്ഞുവീണത്. മറ്റു യാത്രക്കാർ ഉടൻ തന്നെ ഇവരെ സീറ്റുകളിൽ ഇരുത്തി പ്രഥമശുശ്രൂഷ നൽകി.
ഇതേ ട്രെയിനിൽനിന്ന് തിരുവല്ല സ്റ്റേഷനിൽ ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവതിക്കു തലചുറ്റൽ ഉണ്ടായി. കൂടെ ഉണ്ടായിരുന്നവർ സ്റ്റേഷൻ മാസ്റ്ററെ ബന്ധപ്പെട്ട് ഉടൻ പ്രഥമശുശ്രൂഷ നൽകി. തുടർന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവർ ആശുപത്രി വിട്ടു.രാവിലെയുള്ള തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവയിലെ വലിയ തിരക്കിനെതിരെ പരാതി നിലനിൽക്കുന്നതിനിടെയാണ് ഇന്നലത്തെ സംഭവം.
എന്നാൽ, യാത്രക്കാർ കുഴഞ്ഞുവീണ സംഭവം പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വിശദീകരിച്ചു. തിരുവല്ലയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വനിതയ്ക്കു പ്രാഥമികചികിത്സ കൊടുത്തെന്നും അറിയിച്ചു. ഓഫിസിലെത്താൻ വൈകുമെന്നതിനാൽ രണ്ടുപേർ കുഴഞ്ഞുവീണ സംഭവം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതെ പോയതാണെന്നു യാത്രക്കാർ പറഞ്ഞു.