ADVERTISEMENT

കോട്ടയം ∙ നാടക തിരശീലകൾ നിറം പകർന്ന വേദിയുടെ പിന്നാമ്പുറത്ത് 35 വർഷത്തിനുശേഷം കലാനിലയം സ്ഥിരം നാടകവേദിയിലെ കൂട്ടുകാർ ഒത്തുചേർന്നു.നാടക ഡയലോഗുകളും ഗാനങ്ങളും  വേദിയിൽ നിറഞ്ഞു. രംഗപടം ഒരുക്കുന്ന ആർട്ടിസ്റ്റ് സുജാതന്റെ പിതാവ് ആർട്ടിസ്റ്റ് കേശവന്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയത്തിലായിരുന്നു സംഗമം.ഓഡിറ്റോറിയത്തിൽ ഒട്ടേറെ നാടകങ്ങളുടെ രംഗപടങ്ങളുണ്ട്, വലിയ ക്യാൻവാസിൽ പാതി വരച്ചതും പൂർത്തിയായതും.  പുതിയ നാടകങ്ങൾക്കുള്ള രംഗപടങ്ങൾ ഇവിടെ തയാറായിവരുന്നു. ഈ പശ്ചാത്തലമാണ് ഇവരുടെ ആദ്യ കൂട്ടായ്മയ്ക്ക് ഇമ്പമേറ്റിയത്.

കോട്ടയം നാടകത്തിന്റെ തറവാടെന്നാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ അഭിപ്രായം. ഒരു കാലത്ത് അത്രയേറെ നാടകസംഘങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. എൻ.എൻ.പിള്ളയുടെ നാടകക്കാലം അവർ ഓർത്തെടുത്തു.  കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’, ‘കടമറ്റത്തു കത്തനാർ’, ‘നാരദൻ കേരളത്തിൽ’, ‘പറയിപെറ്റ പന്തിരുകുലം’, ‘കായംകുളം കൊച്ചുണ്ണി’ എന്നീ നാടകങ്ങളിൽ പ്രധാന വേഷം ചെയ്ത കലാകാരന്മാരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.  ജീവിതം തന്നെ നാടകത്തിനു സമർപ്പിച്ച കലാകാരന്മാരിൽ പലരും പങ്കാളികളും മക്കളും കൊച്ചുമക്കളുമൊത്താണ് എത്തിയത്. പുതിയ തലമുറയിലെ കലാകാരന്മാരുടെ പരിപാടികളും അരങ്ങേറി.

പുതിയൊരു സ്ഥിരം നാടകസമിതിക്കുള്ള ചർച്ചകളും ആരംഭിച്ചു. കലാനിലയത്തിന്റെ അവതരണഗാനം ‘സത്കലാദേവിതൻ ചിത്രഗോപുരങ്ങളേ സർഗസംഗീതമുയർത്തൂ’ അഭിനേതാക്കളും ഗായികമാരുമായ പുനലൂർ പ്രസന്ന, സെലീനാമ്മ മാത്യു എന്നിവർ ചേർന്ന് ആലപിച്ചു.  സദാശിവൻ കോഴിക്കോട് ഹാർമോണിയവും സെൽവൻ ചാക്കോ ഗിറ്റാറും സലിം കുഞ്ഞുമോൻ ഡ്രംസും വായിച്ചു.   നാടകരചയിതാവും സംവിധായകനുമായ സുന്ദരൻ കല്ലായി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പന്തളം അജയൻ അധ്യക്ഷത വഹിച്ചു.  സി.ഡി.സുകുമാരൻ, ചമ്പക്കുളം സെബാസ്റ്റ്യൻ, പാലാ സുശീല പണിക്കർ, ഇലവുംതിട്ട രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.  സുന്ദരൻ കല്ലായി, ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ, ആർട്ടിസ്റ്റ് സുജാതൻ എന്നിവർക്കു തൃപ്പുണിത്തുറ കുമാരൻ നായർ സ്മാരക പുരസ്കാരം സമ്മാനിച്ചു.

English Summary:

Experience the magic as the Kalanilayam theater group reunites after 35 years. Relive their journey through heartfelt dialogues, melodious songs, and captivating stage design at the iconic Kesavan Auditorium.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com