ADVERTISEMENT

നീലംപേരൂർ ∙ പടയണിക്കാഴ്ചകളിലേക്ക് മിഴി തുറക്കാൻ ഒരു ദിനം മാത്രമാണ് ബാക്കി. 15ാം ദിനമായ ഇന്നാണ് മകം പടയണി. നാളെ പൂരം പടയണി. അന്ന് കാഴ്ചയുടെ വർണചാരുതയിലേക്ക് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രം മിഴി തുറക്കും.ചൂട്ടുവെളിച്ചത്തിന്റെ പൊൻപ്രഭയിൽ ദേശത്തിന്റെ സുകൃതമായ വലിയ അന്നങ്ങൾ പറന്നിറങ്ങുന്ന സുദിനം പൂരം പടയണി ദിനത്തിലാണ്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ഓർമപ്പെടുത്തലാണ് ഓരോ പടയണിക്കാലവും. ഇന്നലെ കോലങ്ങളുടെയും അന്നങ്ങളുടെയും ഒരുക്കങ്ങൾക്കായി ദേശം മുഴുവൻ ക്ഷേത്ര മൈതാനത്ത് എത്തി. ഇന്നത്തെ ചിറമ്പ്കുത്ത് ചടങ്ങിനായി അടുത്തുള്ള തൊടിയിൽ നിന്നു ചെത്തിപ്പൂക്കൾ ശേഖരിക്കാൻ കുട്ടികൾ ഓടിനടന്നു. 

പൂരം പടയണിയിൽ പങ്കെടുക്കാൻ പട്ടാളത്തിൽ നിന്ന് അവധിയെടുത്തു നാട്ടിലെത്തിയ അനീഷ് കുമാറും ദിലീപ് ശങ്കറും ആനക്കോലത്തിന്റെ നിർമാണത്തിൽ. ചിത്രങ്ങൾ: മനോരമ
പൂരം പടയണിയിൽ പങ്കെടുക്കാൻ പട്ടാളത്തിൽ നിന്ന് അവധിയെടുത്തു നാട്ടിലെത്തിയ അനീഷ് കുമാറും ദിലീപ് ശങ്കറും ആനക്കോലത്തിന്റെ നിർമാണത്തിൽ. ചിത്രങ്ങൾ: മനോരമ

കാലത്തിനൊത്ത കോലങ്ങൾ
സമകാലിക വിഷയങ്ങൾ പ്രതിപാദിക്കുന്ന കോലങ്ങൾ നീലംപേരൂർ പൂരം പടയണിയിൽ പല തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വയനാട് ദുരന്തമുണ്ടായ സാഹചര്യത്തിൽ ഗോവർധനപർവതം ഉയർത്തുന്ന ശ്രീകൃഷ്ണന്റെ കോലമാണ് ഇത്തവണ ശ്രദ്ധേയം. കനത്ത പേമാരിയിൽ നിന്നു ജീവജാലങ്ങളെ രക്ഷിച്ച ശ്രീകൃഷ്ണൻ ദുരന്തങ്ങളിൽ നിന്നു നാടിന് രക്ഷയേകാനെത്തുമെന്ന സങ്കൽപമാണ് അടിസ്ഥാനം.2018ലെ മഹാപ്രളയത്തെ തുടർന്ന്, വസുദേവർ കംസന്റെ കാരാഗൃഹത്തിൽ നിന്ന് ഉണ്ണിക്കണ്ണനെ അനന്തന്റെ സഹായത്തോടെ നന്ദഗോപരുടെ അമ്പാടിയിൽ എത്തിക്കുന്ന രംഗമാണ് കോലമായി ഒരുക്കിയത്. 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭാരതാംബ, ബാഡ്മിന്റൻ താരമായ പി.വി.സിന്ധു, അരുവിപ്പുറം പ്രതിഷ്ഠ, ഫുട്ബോൾ ഇതിഹാസം മറഡോണ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പടയണിയിലെ കോലങ്ങൾക്ക് വിഷയമായിട്ടുണ്ട്. നീലംപേരൂർ നീലകണ്ഠൻ എന്നു കരക്കാർ വിളിക്കുന്ന പൊയ്യാനയും പടയണിയിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചയാണ്.

തീവെട്ടിക്കൊള്ളയും കോവിഡും
ആൾക്കൂട്ടത്തിന്റെ ആഘോഷമായ പടയണി പൊതുജനപങ്കാളിത്തമില്ലാതെയും നടത്തിയിട്ടുണ്ട്. പണ്ട് തീവെട്ടിക്കൊള്ളക്കാരുടെ സമയത്ത് ചൂട്ടുവെളിച്ചം പോലുമില്ലാതെ പടയണി നടത്തിയിട്ടുള്ളതായി നീലംപേരൂർ ദേശത്തെ പഴമക്കാർ പറയുന്നു.അലങ്കാരങ്ങളിലും വാഴപ്പോളയിലും തീർത്ത അന്നത്തിൽ ചൂട്ടുവെളിച്ചം പതിച്ചാൽ സ്വർണത്തിൽ തീർ‌ത്ത അന്നമാകുമെന്ന് തെറ്റിദ്ധരിച്ച് കൊള്ളയടിക്കാനെത്തുമെന്ന് കരുതിയാണ് പടയണി നടത്തിയതെന്നും ദേശവാസികൾ പറയുന്നു. ആ സമയത്ത് ആളുകൾ എന്ന സങ്കൽപത്തിൽ, പ്രതീകാത്മകമായി കൂവപ്പിള്ളേരെയാണു (കൂവ ഇല ഉപയോഗിച്ച് നിർമിച്ച, കൈയുടെ വലുപ്പം മാത്രമുള്ള ആൾരൂപം) ചടങ്ങുകൾക്ക് എഴുന്നള്ളിച്ചത്.കോവിഡ് കാലഘട്ടത്തിൽ നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജന പങ്കാളിത്തമില്ലാതെയും പടയണി നടത്തി.

നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് എഴുന്നള്ളിക്കുന്ന കോലങ്ങളുടെ മുഖം മിനുക്കുന്ന ആർട്ടിസ്റ്റ് എം.എസ്.ജയകുമാർ.
നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് എഴുന്നള്ളിക്കുന്ന കോലങ്ങളുടെ മുഖം മിനുക്കുന്ന ആർട്ടിസ്റ്റ് എം.എസ്.ജയകുമാർ.

നീലംപേരൂർ പടയണി:  ഒറ്റനോട്ടത്തിൽ
∙ അവിട്ടം മുതൽ പൂരം വരെയുള്ള 16 ദിവസങ്ങളാണ് സാധാരണ പടയണിക്കാലം. നാളു നീക്കം ഉണ്ടാകുന്ന അവസരങ്ങളിൽ പടയണി 15 ദിവസമായി ചുരുങ്ങിയ അവസരങ്ങൾ ഉണ്ട്. നാൾ കണക്കാക്കി പടയണി 17 ദിവസം നീളുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

∙ അന്നങ്ങളുടെയും കോലങ്ങളുടെയും നിർമാണത്തിന്റെ പ്രാരംഭ ജോലികൾ ചൂട്ടുവയ്പിന്റെ പിറ്റേന്ന് തുടങ്ങുമെങ്കിലും പൂരം പടയണി ദിവസമായ നാളെ രാവിലെ മാത്രമേ നിറപണികൾ ആരംഭിക്കൂ. പൂരം പടയണി ദിവസം ഉച്ചപ്പൂജ സമയത്ത് നട തുറക്കുമ്പോഴാണ് വല്യന്നത്തിന്റെ ചുണ്ടും പൂവും തട്ടിനു മുകളിൽ ഉയർത്തി സ്ഥാപിക്കുന്നത്.

∙ 30 അടി ഉയരമുള്ള വല്യന്നവും 18 അടി ഉയരമുള്ള രണ്ടു ചെറിയ അന്നങ്ങളുമാണ് പൂരം പടയണി ദിനമായ നാളെ എഴുന്നള്ളും. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന 63 പുത്തൻ അന്നങ്ങൾ, ഒരു ഇരട്ട അന്നം (ഒരു ചട്ടത്തിൽ തീർത്ത 2 എണ്ണം). ഗോവർധന പർവതം ഉയർത്തുന്ന ശ്രീകൃഷ്ണൻ, ബാലി, സുഗ്രീവൻ, ശ്രീരാമൻ, ധ്യാനരൂപത്തിലുള്ള ശ്രീബുദ്ധൻ എന്നീ പുതിയ 5 കോലങ്ങളും യക്ഷി, ഭീമൻ, ര‌ാവണൻ, ഹനുമാൻ, പൊയ്യാന എന്നീ കോലങ്ങളും നാളെ രാത്രി എഴുന്നള്ളും.

∙ കേരളത്തിലെ ആദ്യ പടയണിയായാണ് നീലംപേരൂർ പൂരം പടയണി കരുതപ്പെടുന്നത്. ഇവിടെ പടയണിക്ക് അടിസ്ഥാനമായി ഭാഷയില്ല. വായ്ത്താരികളാണ് ഉള്ളത്. ഇത് പടയണിയുടെ പഴമയെക്കുറിക്കുന്ന ശക്തമായ സൂചകമാണ്. അന്നങ്ങളുടെയും കോലങ്ങളുടെയും ചട്ടം കൂട്ടുന്നതിന് ലോഹങ്ങൾ (ആണി) ഉപയോഗിക്കുന്നില്ല. തടി പൊഴിച്ചെടുത്താണ് ഇവ കൂട്ടിച്ചേർക്കുന്നത്. ഇതും പഴമയെ സൂചിപ്പിക്കുന്നു. ബുദ്ധമത സ്വാധീനവും പടയണിയിൽ കാണാമെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നു.

∙ നാഷനൽ ഫോക് ലോർ അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും കൊറിയൻ സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നീലംപേരൂർ പടയണിയെ പഠനവിധേയമാക്കിയിട്ടുണ്ട്. മണ്ണുത്തി കാർഷിക സർവകലാശാല നീലംപേരൂർ പടയണിയിലെ കാർഷിക സമൃദ്ധി എന്ന വിഷയത്തിൽ ഡോക്യുമെന്ററി തയാറാക്കിയിരുന്നു.

English Summary:

The Neelamperoor Padayani festival in Kerala culminates with the grand Pooram Padayani, showcasing breathtaking Theyyam performances, intricate Kolams, and the enchanting Chirampu Kuthu. Experience the vibrant culture and ancient traditions on this special day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com