അറുതിയില്ലാതെ അപകടങ്ങൾ; ചങ്ങനാശേരി ബൈപാസ് റോഡിൽ ചോര വീഴുന്നത് പതിവ് വാർത്ത
Mail This Article
ചങ്ങനാശേരി ∙ അറുതിയില്ലാതെ അപകടങ്ങൾ, ബൈപാസ് റോഡിൽ ചോര വീഴുന്നത് ഇപ്പോൾ പതിവ് വാർത്തയാണ്. എസ്എച്ച് ജംക്‌ഷൻ മുതൽ ളായിക്കാട് ജംക്‌ഷൻ വരെയുള്ള ബൈപാസ് റോഡിലാണ് അപകടപരമ്പര. ഏറ്റവും ഒടുവിൽ ഇന്നലെ തിരുമല സ്ക്വയർ ഭാഗത്ത് ടോറസും ഇലക്ട്രിക് സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവമുണ്ടായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ ഭാഗത്ത് മാത്രം പത്തിലേറെ അപകടമാണുണ്ടായത്. ആഴ്ചകൾക്ക് മുൻപ് രാത്രി തിരുമല ഭാഗത്ത് നിയന്ത്രണം നഷ്ടമായ കാർ ബൈക്കിൽ ഇടിച്ചിരുന്നു. ഉന്നതനിലവാരത്തിൽ പൂർത്തിയാക്കിയ റോഡാണെങ്കിലും പലയിടത്തെയും അപകടക്കെണി യാത്രക്കാർ തിരിച്ചറിയുന്നില്ല.
തിരുമല ഭാഗത്തെ ‘എസ്’ കെണി
ബൈപാസ് റോഡിൽ ഏറ്റവുമധികം അപകടമുണ്ടാകുന്ന മേഖലയാണ് തിരുമല സ്ക്വയർ ഭാഗം. ഇംഗ്ലിഷ് അക്ഷരമാലയിലെ ‘എസ്’ അക്ഷരം പോലെ വളഞ്ഞ് കയറ്റവും ഇറക്കവുമുള്ള റോഡാണിവിടെ. എസ്എച്ച് ജംക്‌ഷനിലെ സിഗ്നൽ കടന്ന് അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടമായി അപകടത്തിൽ പെടുന്നതും നിത്യസംഭവമാണ്. ഓവർടേക്കുകളിലും അപകടം പതിവാണ്. കൂടാതെ ഇരൂപ്പ ലവൽ ക്രോസ് ഭാഗത്ത് നിന്നുള്ള ഇട റോഡും പെരുന്ന ഭാഗത്ത് നിന്നുള്ള ഇടറോഡും ഈ ഭാഗത്ത് വന്നു ചേരുന്നു.
നഗരത്തിലെ തിരക്കിൽ നിന്നൊഴിവാകാൻ നൂറുകണക്കിന് വാഹനങ്ങളാണ് പല സമയം ഇടറോഡുകളിലൂടെ എത്തി ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്നത്. അമിത വേഗതയിൽ ബൈപാസ് റോഡിലൂടെ കടന്നുവരുന്ന വാഹനയാത്രക്കാർക്ക് ഇടറോഡിൽ നിന്നു വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽ പെടില്ല. മുന്നറിയിപ്പ് ബോർഡുകളുമില്ല. റോഡരികിൽ മരച്ചില്ലകളും കാടും നിറഞ്ഞ് കാഴ്ച തടസ്സപ്പെടുന്നു. അമിതവേഗത്തിൽ ഇടറോഡിലെ കയറ്റം കയറി വരുന്ന വാഹനങ്ങൾ അതേ വേഗതയിൽ റോഡിലേക്ക് പ്രവേശിക്കുന്നതും അപകടത്തിനിടയാക്കുന്നു.
ഇടറോഡുകൾ
എസ്എച്ച് ജംക്‌ഷൻ മുതൽ ളായിക്കാട് ജംക്‌ഷൻ വരെ ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്നത് 13 ഇടറോഡുകളാണ്. പെരുന്ന ഭാഗത്ത് നിന്നും ഫാത്തിമാപുരം ഭാഗത്ത് നിന്നുമുള്ള ഇടറോഡുകളും റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നുള്ള ഇടറോഡുകളും ബൈപാസിലേക്ക് പ്രവേശിക്കുന്നു. എന്നാൽ ഇടറോഡുകൾ സംബന്ധിച്ച മുന്നറിയിപ്പ് ഇല്ല. മുന്നറിയിപ്പ് ബോർഡുകളും വ്യൂ മിററുകളും സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം.