ADVERTISEMENT

കോട്ടയം ∙ നഗരസഭയിലെ മുഴുവൻ മാലിന്യവും സംസ്കരിക്കാൻ കമ്പനികൾ തയാർ, എന്നാൽ നൽകാൻ നടപടിയെടുക്കാതെ നഗരസഭ. നഗരസഭാ പരിധിയിൽ 13 ടൺ അജൈവ മാലിന്യവും 46 ടൺ ജൈവമാലിന്യവും  ഉണ്ടാകുന്നുണ്ടെന്നു കണക്കുകൾ. ഇതുകൂടാതെ ശുചിമുറി മാലിന്യവുമുണ്ട്.

അജൈവ മാലിന്യം
നഗരസഭാ പരിധിയിൽ 13 ടൺ അജൈവ മാലിന്യം ദിനം പ്രതി ഉണ്ടാകുന്നുണ്ടെങ്കിലും മുഖ്യ മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റിയിൽ (എംസിഎഫ്) എത്തുന്നത് 3 ടൺ മാത്രം. വീടുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യം വേർതിരിച്ച് വാർഡുകളിലെ മിനി എംസിഎഫുകളിലേക്കും അവിടെനിന്നു മുഖ്യ എംസിഎഫിലും എത്തിക്കണമെന്നുമാണ് ചട്ടം. ഇപ്പോൾ മിനി എംസിഎഫുകളിൽനിന്ന് അജൈവ മാലിന്യം പ്ലാസ്റ്റിക്, റെക്സിൻ, ലെതർ എന്നിങ്ങനെ വേർതിരിക്കാതെ ഒരുമിച്ച് കോടിമതയിലെ മുഖ്യ എംസിഎഫിൽ കൊണ്ടുവന്ന് തള്ളുകയാണ്. ഹരിതകർമ സേനയെ ഉപയോഗിച്ച് മാലിന്യം ശേഖരിക്കണം, വേർതിരിക്കണം എന്ന നിർദേശം ഭാഗികമായേ പാലിക്കുന്നുള്ളൂ.  മാലിന്യശേഖരണം മാത്രമേ ഇപ്പോൾ ഹരിത കർമ സേന നടത്തുന്നുള്ളൂ. 

സേനയുടെ പങ്കാളിത്തമില്ലാത്ത മാലിന്യശേഖരണത്തിനും സംസ്കരണത്തിനും സർക്കാർ ഫണ്ട് ഉപയോഗിക്കാൻ പാടില്ല. ഇതു മറികടക്കാൻ കോടിമതയിലെ മുഖ്യ എംസിഎഫിൽ ഹരിതകർമ സേനയുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന വ്യവസ്ഥ നഗരസഭ എഴുതിച്ചേർത്തെന്ന് അറിയുന്നു. എന്നാൽ സ്വകാര്യ ഏജൻസിയുടെ തൊഴിലാളികൾ മാത്രമാണ് മാലിന്യം വേർതിരിക്കുന്ന പ്രവൃത്തി ഇവിടെ നടത്തുന്നത്. ഇവിടെ എത്തിക്കുന്ന മാലിന്യത്തിന്റെ തോത് അനുസരിച്ചുള്ള വേർതിരിക്കൽ നടക്കുന്നില്ല. മാസങ്ങളായി വാർഡുകളിൽ തരംതിരിക്കാതെ കെട്ടിക്കിടന്ന മാലിന്യമാണ് ഇപ്പോൾ തരംതിരിക്കുന്നതെന്ന് കരാറെടുത്ത തിരുവോണം ഏജൻസീസ് അധികൃതർ പറഞ്ഞു. തരംതിരിച്ച ശേഷം കംപ്രസ് ചെയ്തു കെട്ടുകളാക്കിയാണ് സംസ്കരണത്തിനായി സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകുന്നത്. 

റീസൈക്കിൾ ചെയ്യാവുന്നവയും അല്ലാത്തവയുമായിട്ടാണ് തരംതിരിക്കുന്നത്. റീസൈക്കിൾ ചെയ്യാവുന്നവ പ്ലാസ്റ്റിക് ഉൽപന്ന നിർമാണ ശാലകളിലേക്കും അല്ലാത്തവ സിമന്റ് ഫാക്ടറികളിലേക്കുമാണ് അയയ്ക്കുന്നത്. റീസൈക്കിൾ ചെയ്യാവുന്നവയ്ക്ക് കരാർ കമ്പനി നഗരസഭ കിലോയ്ക്ക് 2 രൂപ നിരക്കിൽ നൽകുന്നുണ്ട്. അതേസമയം റീസൈക്കിൾ ചെയ്യാൻ സാധിക്കാത്തവയ്ക്ക് നഗരസഭ കരാർ കമ്പനിക്ക് കിലോയ്ക്ക് 6.75 രൂപ  നിരക്കിൽ നൽകണം.കരാറെടുത്ത കമ്പനി  മുഴുവൻ മാലിന്യവും ശേഖരിക്കാൻ തയാറാണ്. കൂടുതൽ കംപ്രസർ ഉൾപ്പെടെ സംവിധാനങ്ങൾ സ്ഥാപിക്കാൻ കമ്പനി തയറാണെന്ന് അറിയുന്നു. കംപ്രസർ സ്ഥാപിക്കണമെങ്കിൽ നഗരസഭ 3 ഫേസ് കണക്ഷൻ നൽകണം. അതിനുള്ള നടപടികളില്ല.

കോടിമതയിൽ തരംതിരിക്കാനായി കൂട്ടിയിട്ടിരിക്കുന്ന അജൈവ മാലിന്യം.
കോടിമതയിൽ തരംതിരിക്കാനായി കൂട്ടിയിട്ടിരിക്കുന്ന അജൈവ മാലിന്യം.

ജൈവ മാലിന്യം
ദിനംപ്രതി 46 ടൺ ജൈവ മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് നഗരസഭയുടെ കണക്ക്. ഉറവിടമാലിന്യ സംസ്കരണമാണ് നടക്കുന്നതെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും പച്ചക്കറി മാർക്കറ്റിലെയും 1, 21, 22, 23 തുടങ്ങിയ വാർഡുകളിലെയും ജൈവമാലിന്യം ശേഖരിക്കാൻ വികെയർ എന്ന കമ്പനിയുമായി നഗരസഭ കരാർ ഉണ്ടാക്കിയിട്ടുണ്ട്.പച്ചക്കറി മാർക്കറ്റിലെ സ്റ്റാളുകളിൽനിന്നുള്ള മാലിന്യം സ്വീകരിക്കുന്നതിന് കിലോയ്ക്ക് 3.50 രൂപയും 18% ജിഎസ്ടിയുമാണ് നിരക്ക്. വീടുകളിൽനിന്നുള്ള നിരക്ക് മാസം 300 രൂപ. ആഴ്ചയിൽ ശരാശരി 6.5 ടൺ മാലിന്യമാണ് ഇപ്പോൾ ശേഖരിക്കുന്നത്. 

നഗരസഭയ്ക്ക് നിശ്ചിത തുക കമ്പനി നൽകണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്.ശേഖരിക്കുന്ന മാലിന്യം ഗുണനിലവാരമനുസരിച്ച് 3 ആയി തരംതിരിക്കും. ഗുണനിലവാരം കൂടിയത് പന്നി, കോഴി ഫാമുകളിൽ തീറ്റയായും രണ്ടാംതരം കോഴിക്കും മീനിനും താറാവിനുമുള്ള തീറ്റപ്പുഴു വളർത്തുന്നതിനും ഏറ്റവും മോശം മണ്ണിര കംപോസ്റ്റ് വളത്തിനുമാണ് ഉപയോഗിക്കുന്നത്. കുറഞ്ഞത് 40 വീടുകളിൽനിന്നു മാലിന്യം ലഭിക്കുന്ന ഏത് വാർഡിൽനിന്നും മാലിന്യം ശേഖരിക്കാൻ കമ്പനി തയാറാണ്. ഇതിനുള്ള സംവിധാനം നഗരസഭ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

ശുചിമുറി മാലിന്യം
ശുചിമുറി മാലിന്യ സംസ്കരണത്തിന് നിലവിൽ പ്ലാന്റുകൾ ഇല്ല. അതേസമയം ശുചിത്വ മിഷന്റെ സഹായത്തോടെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനായിട്ടില്ല.മാങ്ങാനത്ത് ജല അതോറിറ്റിയുടെ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നടന്നില്ല.

English Summary:

Despite companies willing to process the mounting waste, Kottayam municipality remains stagnant in awarding a contract. This inaction raises concerns as the city grapples with increasing amounts of organic, inorganic, and sewage waste.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com