ADVERTISEMENT

പാമ്പാടി ∙ റെഡ്ക്രോസ് സൊസൈറ്റി ഹാളിൽനിന്നു പാമ്പാടി വില്ലേജ് ഓഫിസിന്റെ പ്രവർത്തനം മാറാൻ വൈകുന്നു. ഉടൻ പരിഹാരം കാണാമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎക്ക് മന്ത്രി കെ.രാജൻ നൽകിയ വാക്കാണ് മാസങ്ങൾ പിന്നിട്ടിട്ടും യാഥാർഥ്യമാകാത്തത്. കെട്ടിട നിർമാണത്തിനുള്ള മണ്ണ് പോലും നീക്കം ചെയ്തിട്ടില്ല.

2024 ഏപ്രിൽ 28
സ്‌മാർട് വില്ലേജ് ഓഫിസാക്കാൻ 2 വർഷം മുൻപാണ് പഴയ കെട്ടിടത്തിൽ നിന്ന്  വാടകക്കെട്ടിടത്തിലേക്ക് മാറിയത്. തറക്കല്ലിടലിനു ശേഷം നിർമാണം മുടങ്ങിയതായാണ് ചാണ്ടി ഉമ്മൻ എംഎൽഎ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. 6 മാസം മുൻപ് ഇതിന്റെ ശിലാഫലകം കാണാതെ പോയതായും അതു കണ്ടെത്തിയിട്ടുണ്ടെന്നും ശിലാഫലകത്തിലെ പേരുകൾ മാഞ്ഞിട്ടില്ലെന്നും ഓർമപ്പെടുത്തിയാണു ചാണ്ടി ഉമ്മൻ സഭയിൽ പരാതി ഉന്നയിച്ചത്. വിഷയം പരിഗണിക്കുമെന്ന് മന്ത്രി അന്നു മറുപടി നൽകി. സാങ്കേതിക പ്രശ്നങ്ങൾ തടസ്സമായെന്നും ഉടൻ നിർമാണം ആരംഭിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു. ആദ്യം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചു. പിന്നീട് സ്‌മാർട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി. സ്ഥലത്തെ മണ്ണു നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നിർമാണത്തിനു വിലങ്ങുതടിയായതെന്നും ഉമ്മൻ ചാണ്ടി തറക്കല്ലിട്ട പദ്ധതി അദ്ദേഹത്തോടുള്ള താൽപര്യവും അനുഭാവവും വിട്ടുകളയാതെ പൂർത്തിയാക്കുമെന്നും 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകിയതായും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

2024 ഒക്ടോബർ 7
മന്ത്രി മറുപടി നൽകിയിട്ട് ഏകദേശം 5 മാസം പിന്നിട്ടിട്ടും ഫയലുകൾ ചുവപ്പുനാടയിലാണ്. മണ്ണ് പോയിട്ട് സ്ഥലത്ത് നിന്നിരുന്ന മരത്തിന്റെ അവശിഷ്ടങ്ങൾ പോലും നീക്കം ചെയ്തിട്ടില്ല. പാമ്പാടി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നതിന് വില്ലേജ് ഓഫിസറുടെ അപേക്ഷയനുസരിച്ച് കലക്ടറുടെ നിർദേശപ്രകാരം 7 മാസത്തേക്കാണ് റെഡ്ക്രോസ് സൊസൈറ്റിയുടെ ഹാൾ വിട്ടുനൽകിയത്. ഇപ്പോൾ 2 വർഷവും 4 മാസവും കഴിഞ്ഞു. സൊസൈറ്റി ഹാളിൽ നിന്നു ലഭിച്ചിരുന്ന വാടകകൊണ്ടാണ് റെഡ്ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നിലവിൽ 3050 രൂപ വെള്ളം നിരക്ക് അടയ്ക്കാതിരുന്നതുകൊണ്ട് കണക്‌ഷൻ വിഛേദിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ റെഡ്ക്രോസ് ഭാരവാഹികൾക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ്.

English Summary:

Despite assurances from Minister K. Rajan to MLA Chandi Oommen during the last Assembly session, the relocation of the Pambady Village Office remains stalled, with construction yet to begin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com