ADVERTISEMENT

പനച്ചിക്കാട് ∙പ്രാർഥനയുടെ പുണ്യം നിറയുന്ന മനസ്സാണ് ദക്ഷിണ മൂകാംബിയിൽ ഇപ്പോൾ എല്ലായിടത്തും. രാപകലുകൾ നീളുന്ന നവരാത്രി ഉത്സവത്തിൽ ഇന്നു മഹാനവമി. നാളെയാണു വിജയദശമിയും വിദ്യാരംഭവും. 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ നാളെ പുലർച്ചെ 4 മുതലാണു വിദ്യാരംഭം. സരസ്വതി നടയ്‌ക്കുമുൻപിൽ അറിവിന്റെ ആദ്യാക്ഷരങ്ങളും കലയുടെ അരങ്ങേറ്റവുമായി ഭക്‌തർ നിറയും. പരമ്പരാഗതമായ അനുഷ്‌ഠാനക്രമങ്ങൾ ഇന്നും മുടക്കംവരാതെ ക്ഷേത്രത്തിൽ അനുഷ്‌ഠിച്ചുവരുന്നു.

ദേശാധിപത്യ സ്വഭാവത്തോടുകൂടിയ മഹാവിഷ്‌ണു, സർവാഭീഷ്‌ടദായിനിയായ സരസ്വതി, ഗണപതി, ശിവൻ, ശാസ്‌താവ്, യക്ഷി, നാഗരാജാവ് എന്നീ ക്രമത്തിലാണ് ഇവിടെ ദർശനം നടത്തേണ്ടത്. മഹാവിഷ്‌ണുവിനും സരസ്വതിക്കും തുല്യപ്രാധാന്യമാണുള്ളത്. വിഷ്‌ണുപാദത്തിൽ നിന്നുദ്‌ഭവിക്കുന്ന ഗംഗയെപോലെ ഇവിടെയും വിഷ്‌ണുപാദത്തിൽ നിന്നുതന്നെയാണു സരസ്വതീ സവിധത്തിലേക്കു തീർഥമൊഴുകിക്കൊണ്ടിരിക്കുന്നത്.

ദുർഗാഷ്‌ടമിയും മഹാനവമിയും ഒഴികെ ദിവസഭേദമോ സമയഭേദമോ ഇല്ലാതെ ഇവിടെ വിദ്യാരംഭം നടത്താൻ എല്ലാ ദേശത്തുനിന്നും ഭക്‌തരെത്തുന്നു. നവരാത്രി കാലത്തു 9 ഭാവങ്ങളിലാണു ദേവിയെ ആരാധിക്കുന്നത്. ഒൻപതു ദിവസത്തെ യുദ്ധത്തിലൂടെ മഹിഷാസുരനെ നിഗ്രഹിച്ച ദേവിയുടെ ജൈത്രയാത്രയുടെ ദിവസമാണു പത്താം നാളായ വിജയദശമി. ദേവി യുദ്ധം ചെയ്‌ത ഒൻപതു ദിവസങ്ങളിൽ എല്ലാം വെടിഞ്ഞുള്ള ദേവീ ഭജനം. പത്താം നാൾ പുതിയ തുടക്കമായി വിദ്യാരംഭം.

''പരമാത്മ സ്വരൂപിണിയായ ദേവിയുടെ ചൈതന്യം നമ്മിലേക്ക് ആഗിരണം ചെയ്യാൻ നവരാത്രി അവസരമൊരുക്കുന്നു. അവരവരുടെ കുലവിദ്യ ദേവിയിൽ സമർപ്പിക്കേണ്ട കാലമാണിത്. എല്ലാ ദിവസവും പുലർച്ചയ്ക്കും സന്ധ്യയ്‌ക്കും പൂജാമുറിയിൽ നിലവിളക്കു കത്തിച്ചു പ്രാർഥിക്കണം. സരസ്വതീ സ്‌തോത്രങ്ങൾ ജപിക്കണം. ഇതിനു പുറമേയാണു ക്ഷേത്ര ദർശനം.''

English Summary:

Immerse yourself in the divine ambiance of Navratri celebrations reach their peak. Join the auspicious Vidyarambham ceremony and witness the temple's rich traditions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com