ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ പാറത്തോട് പഞ്ചായത്തിലെ 19–ാം വാർഡായ ചിറഭാഗം ഗ്രാമത്തെ ഞെട്ടിച്ച സംഭവമായി മൂന്നംഗ കുടുംബത്തിന്റെ മരണം. സോമനാഥൻ നായർ ജനിച്ചുവളർന്ന ഗ്രാമമാണു ചിറഭാഗം. എല്ലാവർക്കും സുപരിചിതനായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന പ്രകൃതം. കുടുംബവീടിനടുത്ത് വിഹിതമായി ലഭിച്ച സ്ഥലത്ത് സോമനാഥൻ നായർ വച്ച വീട്ടിലാണു ദാരുണമായ അന്ത്യമുണ്ടായതും. ഈയിടെ ശ്യാംനാഥിന് വിവാഹാലോചനകളും വന്നതോടെ വീട് പെയ്ന്റ് ചെയ്തു വൃത്തിയാക്കിയിരുന്നു.

മകന്റെ വിവാഹവും കൂടി നടന്നു കാണണമെന്നതാണ് തന്റെ ആഗ്രഹമെന്നും സോമനാഥൻ നായർ പറഞ്ഞതായി സുഹൃത്തുക്കളും ഓർമിക്കുന്നു. പാലാ സ്റ്റേഷനിൽ നിന്നാണ് എഎസ്ഐ ആയി വിരമിച്ചത്. വിശ്രമജീവിതത്തിൽ പാട്ടും കവിതയും എഴുതുമായിരുന്നു. സമീപ ക്ഷേത്രത്തിലെ പതിവു സന്ദർശകനായിരുന്നു. 84–ാം വയസ്സിലും ഭജനയ്ക്കു പാട്ടുപാടുമായിരുന്നു. നടന്നുപോകുന്ന വഴിയിലെല്ലാം എല്ലാവരോടും സംസാരിച്ചു കടന്നുപോകുന്ന സോമനാഥന്റെയും കുടുംബത്തിന്റെയും വേർപാടിൽ നാടു വിറങ്ങലിച്ചു നിൽക്കുകയാണ്.

മാതാപിതാക്കളും മകനും വീട്ടിൽ മരിച്ചനിലയിൽ
കാഞ്ഞിരപ്പള്ളി ∙ റിട്ട. എഎസ്ഐയെയും ഭാര്യയെയും സർക്കാർ ജീവനക്കാരനായ മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗം പൂന്തോട്ടത്തിൽ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (55), മകൻ കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസിലെ ക്ലാർക്ക് ശ്യാംനാഥ് (31) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന ശേഷം മകൻ ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സോമനാഥൻ നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങൾ ഡൈനിങ് ഹാളിൽ ചോരവാർന്ന നിലയിലും ശ്യാംനാഥിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്.

അടുക്കളയിൽനിന്നു രക്തം പുരണ്ട വാക്കത്തി പൊലീസ് കണ്ടെടുത്തു. ആധാരം ഉൾപ്പെടെ ചില രേഖകൾ അടുക്കളയിലെ അടുപ്പിൽ കത്തിച്ചുകളഞ്ഞതായും കണ്ടെത്തി. രണ്ടുദിവസമായി ആരെയും പുറത്തേക്കു കണ്ടിരുന്നില്ല. പാലും പത്രവും എടുക്കാതെ കിടന്നിരുന്നു. സംശയം തോന്നിയ അയൽവാസികളാണു പൊലീസിനെ അറിയിച്ചത്. തിങ്കളാഴ്ച മുതൽ ശ്യാംനാഥ് ഓഫിസിലും എത്തിയിരുന്നില്ല. പനിയാണെന്നു കാട്ടി അവധിയെടുത്തിരുന്നു. ഇന്നലെ വൈകിട്ട് 3നു പൊലീസെത്തി അടുക്കള വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ചനിലയിൽ കണ്ടത്.

സോമനാഥൻ നായർ, ശ്യാംനാഥ്
സോമനാഥൻ നായർ, ശ്യാംനാഥ്

സോമനാഥൻ നായരുടെ ആദ്യ ഭാര്യ 30 വർഷം മുൻപു മരിച്ചിരുന്നു. ആദ്യഭാര്യയിലെ 4 പെൺമക്കളും വിവാഹിതരാണ്. അദ്ദേഹവും രണ്ടാം ഭാര്യ സരസമ്മയും മകൻ ശ്യാംനാഥും മാത്രമാണു നിലവിൽ വീട്ടിൽ താമസിച്ചിരുന്നത്.പെൺമക്കളെ ചൊവ്വാഴ്ച ഉച്ചയ്ക്കും സോമനാഥൻ നായർ ഫോണിൽ വിളിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണു സംഭവമെന്നാണു പൊലീസിന്റെ നിഗമനം. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈഎസ്പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സോമനാഥൻ നായരുടെ മറ്റു മക്കൾ: ലത, യമുന, സ്വപ്ന, സീമ. മരുമക്കൾ: സുരേഷ്, സന്തോഷ്‌, സുരേഷ് (കറുകച്ചാൽ), സുധീർ.

ശ്യാംനാഥ് അന്തർമുഖൻ
അന്തർമുഖനായിരുന്നു ശ്യാംനാഥ് എന്നു നാട്ടുകാരും ബന്ധുക്കളും കൂടെ ജോലി ചെയ്യുന്നവരും പറയുന്നു. ബിഎസ്‌സി ഇലക്ട്രോണിക്സ് ബിരുദധാരിയായിരുന്നു. രാവിലെ വീട്ടിൽനിന്നിറങ്ങിയാൽ ജോലി സ്ഥലത്തേക്കും വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്കും എന്നതായിരുന്നു ശൈലി. ആരോടും മിണ്ടില്ല. നാട്ടിലും ഓഫിസിലും ആരോടും ചങ്ങാത്തമില്ല. കഴിവതും ആരുടെയും മുഖത്തു നോക്കാതെ കുനിഞ്ഞാണു നടക്കാറുള്ളതെന്നും നാട്ടുകാർ പറയുന്നു. 22–ാം വയസ്സിൽ സ്കൂളിൽ പ്യൂണായി ജോലിക്കു കയറിയ ശ്യാംനാഥിനു പിന്നീടു ബവ്റിജസ് കോർപറേഷനിൽ മാനേജരായി ജോലി ലഭിച്ചിട്ടും പോയില്ല. പിന്നീടാണു സിവിൽ സപ്ലൈസ് വകുപ്പിൽ ജോലി നേടുന്നത്. ശ്യാംനാഥിന്റെ പേരിലുള്ള ആധാരങ്ങൾ ഒഴികെയുള്ളവ അടുപ്പിൽ കത്തിച്ചനിലയിൽ കണ്ടെത്തിയെന്നാണു പൊലീസ് പറയുന്നത്.

English Summary:

Tragedy struck Chirabhagom as a retired ASI, his wife, and their son were found dead in their home. Police are investigating the incident as a potential murder-suicide, with the son suspected of killing his parents before taking his own life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com