ADVERTISEMENT

കോട്ടയം ∙ കോടിമതയിൽ 25 ടൺ അജൈവ മാലിന്യം തരംതിരിച്ചു. സ്വകാര്യ ഏജൻസി രണ്ടു ദിവസത്തിനുള്ളിൽ ഇതു നീക്കം ചെയ്തു തുടങ്ങും. കോടിമതയിലാണ് മുഖ്യ എംസിഎഫ് ഉള്ളത്. ജൈവമാലിന്യം ഇവിടെ ശേഖരിക്കുന്നില്ല. വാർഡുകളിലെ മിനി എംസിഎഫിൽ നിന്നുള്ള അജൈവ മാലിന്യമാണ് കൂടുതലായും ഇവിടെ ഉണ്ടായിരുന്നത്. ഇതുവരെ 75 ടൺ പ്ലാസ്റ്റിക് മാലിന്യം ഇവിടെനിന്നു നീക്കം ചെയ്തു. 13 ടൺ കുപ്പിച്ചില്ല് മാലിന്യം ഇതുവരെ മാറ്റി. ചെരിപ്പുകളും മറ്റും അടങ്ങുന്ന ലെതർ മാലിന്യം 20 ടൺ നീക്കി. തെർമോകോൾ പോലുള്ള 80 ടൺ മാലിന്യവും നീക്കാൻ കഴിഞ്ഞെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു. 

മറ്റു സ്ഥലങ്ങളിലെ മാലിന്യനീക്കം ഇങ്ങനെ
നാഗമ്പടം ബസ് സ്റ്റാൻഡിനും നെഹ്റു സ്റ്റേഡിയത്തിനും മധ്യേ കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കി. കുര്യൻ ഉതുപ്പ് റോഡിനും നാഗമ്പടത്തിനും ഇടയിലുള്ള തോടുകളിലെ ഒഴുക്ക് സുഗമമാക്കി. കുട്ടികളുടെ ലൈബ്രറിക്ക് സമീപം രണ്ട് സ്ഥലങ്ങളിൽ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരവും നീക്കി.തിരുനക്കര ഗാന്ധിസ്ക്വയറിനു സമീപം ലൈബ്രറി കെട്ടിടത്തിനു താഴെ ഓട വൃത്തിയാക്കി. നഗരത്തിനു ചുറ്റുമുള്ള മിനി എംസിഎഫിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിട്ടുള്ള മാലിന്യം അടുത്തദിവസം കോടിമതയിലേക്ക് മാറ്റും. 

സംസ്കരണം ഈസി
ചെറിയ ട്രക്കിന്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച ശുദ്ധീകരണ യൂണിറ്റുകൾ അടങ്ങിയ ട്രീറ്റ്മെന്റ് സംവിധാനമാണിത്.  സംസ്കരണത്തിനു ശേഷമുള്ള ജലം കൃഷിക്കും മറ്റും ഉപയോഗിക്കാൻ കഴിയും. സംസ്കരണശേഷം  ചെറിയ അളവിലുള്ള ഖരമാലിന്യം യന്ത്രത്തിൽവച്ചു തന്നെ കംപോസ്റ്റാക്കി മാറ്റും. 6,000 ലീറ്ററാണ് ട്രീറ്റ്മെന്റ് യൂണിറ്റിന്റെ ശേഷി. ഒരിടത്തെ മാലിന്യം നീക്കാൻ വരുന്ന ചെലവ് 4000 രൂപയാണ്. 

കോട്ടയത്തിന് വേണം ചങ്ങനാശേരി മോഡൽ
കോട്ടയം ∙ മാലിന്യ സംസ്കരണം കീറാമുട്ടിയാകുന്ന കോട്ടയം നഗരസഭയ്ക്കു ചങ്ങനാശേരി മോഡൽ ഒരുകൈ നോക്കാവുന്നതാണ്. ശുചിമുറി മാലിന്യം സംസ്കരണത്തിന് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റാണ് ചങ്ങനാശേരി നഗരസഭ വിജയകരമായി നടപ്പാക്കിയിരിക്കുന്നത്.  വീടുകളിലും റസിഡൻഷ്യൽ കോംപ്ലക്സുകളിലും സ്ഥാപനങ്ങളിലും പ്രത്യേകം സ‍ജ്ജീകരിച്ച വാഹനവുമായി നേരിട്ടെത്തി, അത്യാധുനിക സംവിധാനങ്ങളോടെ ശുചിമുറി മാലിന്യം സംസ്കരിക്കുന്ന പദ്ധതിയാണിത്.

45 ലക്ഷമാണ് ഒരു യൂണിറ്റിനു ചെലവ്. സമീപ നഗരസഭയായ വൈക്കത്തേക്കും ഈ വാഹനത്തിന്റെ സേവനം ചങ്ങനാശേരി നൽകുന്നുണ്ട്.  കോട്ടയത്ത് ശുചിമുറി മാലിന്യ സംസ്കരണം ഗുരുതര പ്രശ്നമായി മാറുകയാണ്. ജനവാസമേഖലയിലേക്കും ജലാശയങ്ങളിലേക്കുമാണ് ശുചിമുറി മാലിന്യം ഒഴുക്കുന്നത്. ഇതിന്റെ സംസ്കരണം പഠിക്കാൻ ബെംഗളൂരുവിനു പോകാൻ ഒരുങ്ങുകയാണ് നഗരസഭാംഗങ്ങൾ. അതിനു മുൻപ് ചങ്ങനാശേരി വരെ പോയാൽ ഈ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാം. 

കാലതാമസം സർക്കാർ കാര്യങ്ങളായതുകൊണ്ട് 
∙മാലിന്യ സംസ്കരണത്തെപ്പറ്റി പഠിക്കാനും നല്ല മാതൃകകൾ കണ്ടെത്താനും ഭരണസമിതി ബെംഗളൂരുവിനു പോകുന്നുണ്ട്.
∙പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതാണ് പദ്ധതികൾ വൈകാൻ കാരണം.
∙സർക്കാർ കാര്യങ്ങളായതുകൊണ്ടാണ് കാലതാമസം നേരിടുന്നത്. ബിൻസി സെബാസ്റ്റ്യൻ, ചെയർപഴ്സൻ

മാലിന്യസംസ്കരണത്തിന് സ്ഥലങ്ങൾ കണ്ടെത്തിയ കാര്യം അറിഞ്ഞത് പത്രത്തിലൂടെ
∙ മാലിന്യസംസ്കരണത്തിന് സ്ഥലങ്ങൾ കണ്ടെത്തിയ കാര്യം പത്രത്തിലൂടെയാണ് അറിഞ്ഞത്, കൗൺസിലിൽ ആരും  അറിഞ്ഞില്ല.
∙ തൊട്ടടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച മാതൃകകൾ കണ്ടു പഠിക്കാവുന്നതാണ്.
∙ കഴിഞ്ഞ വർഷത്തെ പ്ലാൻ ഫണ്ട് കൃത്യമായി വിനിയോഗിക്കാത്തതാണ് തുക കുറയാൻ കാരണം.
∙ കോഴിക്കോട് എൻഐടി മുന്നോട്ടുവച്ച മാലിന്യസംസ്കരണ പദ്ധതി പരിഗണിക്കാവുന്നതാണ്. ഈ പദ്ധതി പ്രകാരം മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാം.
- ബി.ഗോപകുമാർ, വൈസ് ചെയർമാൻ

English Summary:

Kotimatha has made significant progress in managing inorganic waste. 25 tons have been sorted and are ready for removal by a private agency. This adds to the ongoing efforts that have already seen the removal of significant amounts of plastic, glass, and leather waste from the main Material Collection Facility (MCF).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com