വടക്കുംകൂർ ബൈപാസ് പദ്ധതിക്ക് ബൈ ബൈ.. ; ബൈപാസ് നിലവിൽ പ്രായോഗികമല്ലെന്ന് മോൻസ് ജോസഫ് എംഎൽഎ
Mail This Article
കടുത്തുരുത്തി ∙ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കുമെന്നു പ്രഖ്യാപിക്കുകയും പണം അനുവദിക്കുകയും ചെയ്ത വടക്കുംകൂർ ബൈ പാസ് റോഡ് നിർമാണ പദ്ധതി ഉപേക്ഷിച്ചു. കടുത്തുരുത്തി ടൗണിനു സമാന്തരമായി മുട്ടുചിറയിൽ നിന്ന് ആരംഭിച്ച് പാലകര വഴി അലരിയിൽ എത്തുന്ന റോഡ് നിർമാണ പദ്ധതിയാണ് ഉപേക്ഷിച്ചത്. പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത പദ്ധതിയായതിനാൽ ആണ് വടക്കുംകൂർ ബൈപാസ് റോഡ് നിർമാണ പദ്ധതി ഉപേക്ഷിച്ചതെന്നു മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
2008 - 2009 കാലഘട്ടത്തിലാണ് വടക്കുംകൂർ ബൈ പാസ് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനുവേണ്ടി 7 കോടി രൂപയുടെ പദ്ധതി തയാറാക്കി അലൈൻമെന്റ് അടക്കം സർക്കാരിന് സമർപ്പിച്ചിരുന്നു. 2008–2009 കാലഘട്ടത്തിൽ വടക്കുംകൂർ ബൈ പാസിനായി ഏറ്റെടുക്കാൻ നിശ്ചയിച്ച സ്ഥലങ്ങളിൽ ഇപ്പോൾ ഒട്ടേറെ വീടുകൾ നിർമിക്കുകയും ജനവാസ മേഖലയായി മാറുകയും ചെയ്തു. അതിനാൽ ബൈപാസ് നിർമാണം ഉപേക്ഷിക്കുകയാണെന്നു മോൻസ് ജോസഫ് എംഎൽഎ സർവ കക്ഷി യോഗത്തിൽ അറിയിച്ചു.
കടുത്തുരുത്തി ടൗൺ ഒഴിവാക്കി മുട്ടുചിറയിൽ നിന്നും പിറവം റോഡിലെ അലരിയിൽ എത്തുന്ന വിധം വടക്കുംകൂർ ബൈപാസ് പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതിനായി പലതവണ യോഗം ചേരുകയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. കടുത്തുരുത്തി ബൈ പാസിനൊപ്പം വടക്കുംകൂർ ബൈപാസ് കൂടി പൂർത്തിയാക്കിയാൽ കടുത്തുരുത്തി ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നായിരുന്നു കണക്കു കൂട്ടൽ.
അനുവദിച്ച 7 കോടി 2 റോഡുകൾക്ക്: മോൻസ് ജോസഫ് എംഎൽഎ
∙വടക്കുംകൂർ ബൈപാസിനായി അനുവദിച്ചിരുന്ന 7 കോടി രൂപ പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ അലരി –ബാപ്പുജി– കൈലാസപുരം റോഡിനും തകർന്നു കിടക്കുന്ന കടുത്തുരുത്തി – ആപ്പുഴ തീരദേശ റോഡിനും അനുവദിക്കും. റോഡ് വികസന പ്രവർത്തനങ്ങൾ നടത്തി ടാറിങ് നടത്തും കൂടാതെ കൈലാസപുരത്തു നിന്നും സഹകരണ ആശുപത്രി – തളിയിൽ ക്ഷേത്ര റോഡിൽ എത്തിച്ചേരും വിധം കടുത്തുരുത്തി ടൗണിനു സമാന്തരമായി ബൈപാസ് റോഡ് പദ്ധതി തയാറാക്കും. കടുത്തുരുത്തിയിൽ നിന്നും പിറവം റോഡിലേക്ക് ചുള്ളിത്തോട് ഭാഗത്തുള്ള ഇറിഗേഷൻ വക ഭൂമിയിലൂടെ മറ്റൊരു പ്രവേശന വാതിൽ തുറക്കുന്ന കാര്യവും പരിഗണനയിലുണ്ട്.