ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ മണ്ഡല കാലത്തിനു മുൻപായി ശബരിമല തീർഥാടന പാതയായ പൊൻകുന്നം മണ്ണംപ്ലാവ് - വിഴിക്കത്തോട് - കുറുവാമൂഴി– എരുമേലി റോഡ് നവീകരിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി അപകട സാധ്യതകൾ ഒഴിവാക്കണമെന്ന് ആവശ്യം ശക്തമായി. മണ്ഡല - മകരവിളക്കു കാലത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ്. 12 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ പലഭാഗങ്ങളിലും ഇരുവശവും മുൾച്ചെടികളും കാടും വളർന്നു പന്തലിച്ചു നിൽക്കുന്ന സ്ഥിതിയാണ്. 8 മീറ്ററിൽ താഴെ മാത്രം വീതിയുള്ള റോഡിൽ കാൽനടയാത്ര വരെ ബുദ്ധിമുട്ടാണ്.

വാഹനങ്ങൾ കടന്നുപോകുമ്പോൾ സുരക്ഷിതമായി വശത്തേക്കു മാറി നിൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. റോഡിന്റെ പൊൻകുന്നം മുതൽ മണ്ണംപ്ലാവ് വരെയുള്ള 5 കിലോമീറ്ററോളം ഭാഗം അപകട സാധ്യതയുള്ള മേഖലയാണ്. വളവുകളും കയറ്റിറക്കങ്ങളും ഉള്ള ഇവിടെ ആവശ്യത്തിനു മുന്നറിയിപ്പു സംവിധാനങ്ങളും ഇല്ല. കെവിഎംഎസ് ജംക്‌ഷനിൽ നിന്നും ആരംഭിക്കുന്ന റോഡിൽ ഒരു കിലോമീറ്റർ കഴിയുമ്പോൾ ടാറിങ്ങിനോടു ചേർന്നു കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നിടത്തു മതിയായ സുരക്ഷാ സംവിധാനങ്ങളും സൂചനാ ബോർഡുകളുമില്ല. രാത്രി വെളിച്ചവുമില്ല. പൊന്നയ്ക്കൽക്കുന്ന്, ഗ്രാമദീപം ജംക്‌ഷനുകളിലെ നാൽക്കവലകളിൽ മുന്നറിയിപ്പ് ബോർഡുകളും വെളിച്ചവുമില്ല. ഗ്രാമദീപം ജംക്‌ഷൻ മുതൽ എൻഎസ്എസ് കരയോഗം വരെയുള്ള 500 മീറ്റർ ദൂരം കൊടുംവളവുകളും കുത്തനെയുള്ള ഇറക്കവുമാണ്. ഈ ഭാഗത്ത് ഓട ടാറിങ്ങിനോടു ചേർന്നുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു. 

മണക്കാട് ശ്രീഭദ്ര ക്ഷേത്രത്തിനു മുൻവശത്തെ കണയത്തോട് പാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ അടി ഭാഗത്തു കൽക്കെട്ടുകൾ ഇളകി വിള്ളലുകൾ ഉണ്ടായിട്ട് നാളേറെയായതായി നാട്ടുകാർ ആരോപിക്കുന്നു. പറപ്പള്ളിത്താഴത്തു കവലയിലും സൂചനാ ബോർഡുകളില്ല. കത്തലാങ്കൽപ്പടി വഴി കാഞ്ഞിരപ്പളളി ടൗണിലേക്കു പോകുന്ന ധാരാളം വാഹനങ്ങൾ ശ്രദ്ധിക്കാതെ റോഡിന് കുറുകെ കടന്നുപോകുന്നത് അപകടത്തിന് ഇടയാക്കുന്ന സ്ഥിതിയാണ്. മണ്ഡലകാലത്ത് കോട്ടയം, പാലാ വഴിയെത്തുന്ന തീർഥാടക വാഹനങ്ങൾ മുഴുവൻ ദേശീയ പാതയിൽ പൊൻകുന്നം കെവിഎംഎസ് ജംക്‌ഷനിൽ നിന്നും തിരിഞ്ഞു ഇതുവഴിയാണ് എരുമേലിക്കു പോകുന്നത്. മണ്ഡല കാലത്തു ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ സീസൺ ആരംഭിക്കുന്നതിനു മുൻപായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

With the Mandala-Makaravilakku season approaching, demands are escalating to prioritize the renovation of the Ponkunnam-Erumeli road, a crucial Sabarimala pilgrimage route. Implementing robust safety measures is crucial to prevent accidents and ensure a secure pilgrimage experience for devotees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com