അതിരമ്പുഴ അക്രമം: നാലു പേർ പിടിയിൽ
Mail This Article
ഏറ്റുമാനൂർ∙ അതിരമ്പുഴയിൽ അക്രമാസക്തരായ കഞ്ചാവ് മാഫിയ സംഘം 2 കടകൾ അടിച്ചു തകർത്ത സംഭവത്തിൽ 4 പേർ പൊലീസ് പിടിയിൽ. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. അതിരമ്പുഴ ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന അഞ്ജലി സ്റ്റോഴ്സ്, സമീപത്തെ മൊബൈൽ കെയർ എന്നീ സ്ഥാപനങ്ങളിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവങ്ങൾക്ക് തുടക്കം. മൊബൈൽ കെയർ എന്ന സ്ഥാപനത്തിൽ 3 അംഗ സംഘം എത്തുകയും സാധനങ്ങളുടെ വില സംബന്ധിച്ച് തർക്കം ഉണ്ടാക്കുകയുമായിരുന്നു.
കടയിൽ നിന്നും വഴക്കിട്ടു പോയ സംഘം രാത്രി ഒൻപതോടെ കൂടുതൽ ആളുകളുമായി തിരിച്ചെത്തി കടയ്ക്കു നേരെ ആക്രമണം നടത്തുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. ജീവനക്കാരായ 2 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുടർന്നു സമീപത്തെ അഞ്ജലി സ്റ്റോഴ്സിനു നേരെയും സംഘം ആക്രമണം നടത്തി.വിവരമറിഞ്ഞെത്തിയ പൊലീസ് അന്നു രാത്രി തന്നെ 3 പേരെ സാഹസികമായി കീഴടക്കി, കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർ പൊലീസിനു നേരെയും ആക്രമണം നടത്തി.
വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വലിയ പ്രതിഷേധമാണ് അതിരമ്പുഴയിൽ നിന്നുയരുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. ഒരിടവേളയ്ക്കു ശേഷം പ്രദേശത്ത് കഞ്ചാവ് മാഫിയ വീണ്ടും ശക്തമാകുന്നതിന്റെ സൂചനയാണിതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുൻപ് പ്രവാസി മലയാളിയുടെ അതിരമ്പുഴയിലെ കള്ള് ഷാപ്പ് കഞ്ചാവ് സംഘം അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തത് വലിയ ചർച്ചയായിരുന്നു. സംഘത്തിലെ പ്രധാനികളെയെല്ലാം അന്നും പൊലീസ് പിടികൂടിയിരുന്നു.
നാട്ടിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഒറ്റക്കെട്ടായി രംഗത്തെത്തി. തുടർന്നു കുറച്ചു കാലത്തേക്കു ഇവരുടെ ശല്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ വീണ്ടും സംഘം സജീവമായിരിക്കുകയാണ്. പൊലീസും എക്സൈസും കൂടുതൽ പരിശോധന നടത്തണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. മന്ത്രി വി.എൻ.വാസവൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കർശന നടപടി എടുക്കുമെന്ന് മന്ത്രി വാസവൻ
അതിരമ്പുഴയിൽ കഞ്ചാവ് മാഫിയ കടകൾ തല്ലിത്തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകിയതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആക്രമണം നടന്ന വ്യാപാര സ്ഥാപനങ്ങളിലെത്തിയ മന്ത്രി കടയുടമകളും ജീവനക്കാരുമായും സംസാരിച്ചു.