കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർക്ക് ആദരം
Mail This Article
ഏറ്റുമാനൂർ∙ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച് മാതൃകയായ ബസ് ജീവനക്കാരെ മോട്ടർ വാഹന വകുപ്പ് ആദരിച്ചു. ഏറ്റുമാനൂരിൽ നിന്നു പാലായ്ക്ക് സർവീസ് പോയ എം ആൻഡ് എം ബസിലെ ഡ്രൈവർ സാൻ കെ.സണ്ണി, കണ്ടക്ടർ ജോസ് മോൻ മാത്യു എന്നിവരെയാണ് ആദരിച്ചത്. ഞായറാഴ്ച രാവിലെ 11ന് ഏറ്റുമാനൂരിൽ നിന്നു പാലായ്ക്ക് സർവീസ് പോയ എം ആൻഡ് എം ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ സർവീസ് മുടക്കി ബസ് ജീവനക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായത്.
കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി.ശ്യാമിന്റെ നിർദേശത്തെത്തുടർന്ന് മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാരെ പൊന്നാട അണിയിച്ചും മെമന്റോ നൽകിയുമാണ് ആദരിച്ചത്. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വേൽഗൗതം, ബി.ആശാകുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജോർജ് വർഗീസ്, സജിത്ത്, സുരേഷ് കുമാർ, ഗണേഷ് കുമാർ, ജെറാൾഡ് വിൽസ് തുടങ്ങിയവർ പ്രസംഗിച്ചു. ജീവനക്കാർക്ക് പിന്തുണയുമായി കരഘോഷങ്ങളോടെ യാത്രക്കാരും മറ്റു ബസ് ജീവനക്കാരും എത്തിയിരുന്നു.