ADVERTISEMENT

മേലുകാവ് ∙ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയുടെ അടിസ്ഥാന സൗകര്യ വികസനം അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിന്റെ നാനാഭാഗത്തു നിന്നും അവധി ദിവസങ്ങളിൽ അയ്യായിരത്തിലധികം ജനങ്ങൾ ഇലവീഴാപ്പൂഞ്ചിറ കണ്ടു മടങ്ങുന്നതായാണു കണക്കുകൾ. മേലുകാവ്, പെരിങ്ങാലി, കനാൻ നാട്, ഇലവീഴാപ്പൂഞ്ചിറ റോഡിന്റെ 5.5 കിലോമീറ്റർ സംസ്ഥാന സർക്കാർ ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയതോടെയാണ് ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചത്. 

വാഹന പാർക്കിങ്, ശുചിമുറികൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ അപര്യാപ്തത സഞ്ചാരികളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. ഇലവീഴാപ്പൂഞ്ചിറ വ്യൂ പോയിന്റിലേക്കുള്ള റോഡും 14 വർഷം മുൻപ് സോളിങ് പണികൾ വരെയുള്ള നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച, മുനിയറ ഗുഹയിലേക്കുള്ള ഇലവീഴാപ്പൂഞ്ചിറ – കനാൻ നാട് – മുനിയറ ഗുഹ റോഡും അടിയന്തരമായി ടാറിങ് പൂർത്തിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇലവീഴാപ്പൂഞ്ചിറയിലെ റവന്യു ഭൂമി അടിസ്ഥാന സൗകര്യ വികസനത്തിനായി വിട്ടുകിട്ടുന്നതിൽ കാലതാമസം നേരിടുന്നത് ഇലവീഴാപ്പൂഞ്ചിറയുടെ വിനോദസഞ്ചാര വികസനത്തിനു തടസ്സമാണ്.

കനാൻ നാട് ജംക്‌ഷനിൽ മേലുകാവ് പഞ്ചായത്ത് വക സ്ഥലത്ത് നിർമാണം ആരംഭിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ആവശ്യമായ ഫണ്ട് കണ്ടെത്തി പൂർത്തിയാക്കണം. ഇലവീഴാപ്പൂഞ്ചിറയിലും കനാൻ നാട് ജംക്‌ഷനിലും മുനിയറ ഗുഹ ഭാഗത്തും ഇലവീഴാപ്പൂഞ്ചിറയിലെ ശുദ്ധജല തടാകമായ പൂഞ്ചിറ കുളത്തിന്റെ ഭാഗത്തും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ട സാഹചര്യമാണ്.  2 ബിഎസ്എൻഎൽ ടവറുകളുടെ നിർമാണം പൂർത്തീകരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല.

കെഎസ്ആർടിസി ബസ് സർവീസുകൾ, അമിനിറ്റി സെന്ററുകൾ, ദിശാബോർഡുകൾ, കുട്ടികളുടെ പാർക്ക്, അഡ്വഞ്ചർ ടൂറിസം പദ്ധതികൾ, വഴിവിളക്കുകൾ, ടൂറിസം ഇൻഫർമേഷൻ സെന്റർ, ഹരിതകവാടം, പൂന്തോട്ടം, ബോട്ടിങ്, റോപ്‌വേ, കേബിൾ കാർ, പാരാഗ്ലൈഡിങ്, ഹെലിടൂറിസം, സോളർ ലൈറ്റുകൾ തുടങ്ങി ഒട്ടേറെ പദ്ധതികളുടെ റിപ്പോർട്ട് തയാറാക്കി ടൂറിസം വകുപ്പ് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളായില്ല. പദ്ധതികൾക്കെല്ലാം അംഗീകാരം ലഭിച്ചാൽ ഈ പ്രദേശത്തെ അനേകം പേർക്ക് തൊഴിൽ ലഭിക്കാൻ സാഹചര്യമൊരുങ്ങും.

English Summary:

Ilaveezapoonchira, a popular tourist destination in Kerala, is experiencing a surge in visitor numbers thanks to recent infrastructure improvements, including a new road. Local communities are calling for further development to accommodate the influx of tourists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com