ADVERTISEMENT

എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം സംബന്ധിച്ച ഫീൽഡ് സർവേ പൂർത്തിയായി. നവംബർ 15 നകം കരട് റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ 9 മുതൽ കൊച്ചി തൃക്കാക്കര ഭാരത മാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് സാമൂഹികാഘാത പഠനം സർവേ ആരംഭിച്ചത്.എസ്റ്റേറ്റിനു പുറത്തുള്ള 362 കുടുംബങ്ങളെയും ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയുമാണ് വിമാനത്താവള നിർമാണം ബാധിക്കുക.

ഈ കുടുംബങ്ങളിൽ നേരിട്ട് എത്തിയാണ് സർവേ നടത്തിയത്. 1441 താമസക്കാരെയും 875 എസ്റ്റേറ്റ് തൊഴിലാളികളെയും ബാധിക്കും. കരട് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയശേഷം സ്ഥലം നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ അദാലത്ത് വിളിച്ച് കരട് റിപ്പോർട്ടിലുള്ള അഭിപ്രായവും നിർദേശവും ഉൾപ്പെടുത്തി അവസാന റിപ്പോർട്ട് നൽകും.  ഈ റിപ്പോർട്ടും പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രസിദ്ധീകരിച്ചശേഷം വിദഗ്ധ സമിതി പരിശോധിച്ച് ശുപാർശകളും നിർദേശങ്ങളും ചേർത്ത് ജില്ലാ കലക്ടർക്കും സർക്കാരിനും കൈമാറുന്നതാണ് നടപടിക്രമം. 

മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 (2570 ഏക്കർ) സ്ഥലമാണ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. കോടതി ഉത്തരവിനെ തുടർന്ന് മുൻപ് നടത്തിയ സാമൂഹികാഘാത പഠനം റദ്ദാക്കിയാണ് സ്വതന്ത്ര ഏജൻസി പുതിയ സാമൂഹികാഘാത പഠനം നടത്തുന്നത്.

English Summary:

A social impact study, a crucial step before the construction of the Sabarimala Greenfield Airport, has been finalized. The study, focusing on the impact on local communities like the Cheruvally Estate residents, will be submitted to authorities soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com