ADVERTISEMENT

മുണ്ടക്കയം ∙ രോഗികളെയും മൃതദേഹങ്ങളും തോളിൽ എടുത്തു കൊണ്ടുള്ള യാത്ര.വഴി തെളിയാത്ത ദുരിതം അസഹ്യമായതോടെ വീടൊഴിഞ്ഞു പോയവർ നിരവധി.അതിനിടെ ഉണ്ടായിരുന്ന സൗകര്യങ്ങളും പ്രളയം തകർത്ത നാളുകൾ. ഇതൊക്കെയായിരുന്നു ടൗണിന് സമീപമുള്ള 12 ഏക്കർതാഴെ ഭാഗത്തെ ജനങ്ങളുടെ ദുരിതകഥകൾ. എന്നാൽ നാടിന്റെ പ്രയത്നത്തിലൂടെ മാറ്റങ്ങളുടെ വഴി തുറന്ന കഥ പറയുകയാണ് ഈ ഗ്രാമം.ടൗണിൽ നിന്നും ഒരു കിലോമീറ്റർ പോലും അകലം ഇല്ലാത്ത 12 ഏക്കർതാഴെ ഭാഗം. മണിമലയാറിന്റെ കരയിൽ ഉള്ളത്.  ആറിന്റെ തീരത്ത് കൂടിയുള്ള ചെറിയ നടപ്പുവഴി മാത്രമായിരുന്നു ജനങ്ങളുടെ ആശ്രയം. 

അഞ്ച് വർഷങ്ങൾക്ക് മുൻപ് മണിമലയാർ കരകയറിയ പ്രളയ ദിനത്തിൽ വഴിയരികിലെ കൂറ്റൻമരം നിലം പതിച്ചതോടെ ഉണ്ടായിരുന്ന വഴിയും അടഞ്ഞു. സമീപത്തുണ്ടായിരുന്ന വീട് പൂർണമായി തകർന്ന ദുരന്തം പ്രദേശത്തെ ഞെട്ടിച്ചതായിരുന്നു.  എന്നാൽ ഇതിൽ ഒന്നും തളരാതെ നാട്ടുകാർ പല ദിനങ്ങളിലായി ശ്രമദാനം ആരംഭിച്ചു. പാറകൾ നിറഞ്ഞ സ്ഥലത്ത് റോഡ് വെട്ടിത്തുടങ്ങി. ഈ ശ്രമങ്ങൾക്ക് പഞ്ചായത്തംഗം സി.വി.അനിൽ കുമാർ നേതൃത്വം നൽകിയതോടെ സന്നദ്ധ സംഘടനകളും പഞ്ചായത്തും റോഡിനായി നാടിനൊപ്പം കൈകോർത്തു. 35 ലക്ഷം രൂപ വിനിയോഗിച്ച് ആറിന്റെ തീരം കെട്ടിയെടുത്തു.

തുടർന്ന് ഇതുവഴി നിർമിച്ച റോഡ് കോൺക്രീറ്റ് ചെയ്തു. ഇതോടെ നാടിന്റെ ദുരിത യാത്രയ്ക്ക് പരിഹാരമായി. ഇതേ വാർഡിൽ റോഡ് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന പാറേലമ്പലം ഭാഗത്തേക്ക് ജനകീയ കൂട്ടായ്മയിൽ റോഡ് നിർമിച്ച മാതൃകയും നിലവിലുണ്ട്. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് നിർവഹിച്ചു. പഞ്ചായത്തംഗം സി.വി.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, എം.ജി.രാജു, പി.ആർ.സുജേഷ്, താരാ മോബി, റോഡ് കൺവീനർ ഷംസുദ്ദീൻ, കെ.കെ.ജയമോൻ, പി.കെ.സുഹാസൻ എന്നിവർ പ്രസംഗിച്ചു.

English Summary:

This poignant story highlights the plight of a village near the Manimala River devastated by floods and isolation. Despite losing homes and access to basic facilities, the community's determination to rebuild their lives shines through, offering a beacon of hope and resilience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com