ആരോഗ്യ ഇൻഷുറൻസ്: മെഡി. കോളജ് തെറ്റായ വിവരം നൽകിയെന്ന് പരാതി
Mail This Article
ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് ഉള്ള രോഗികൾക്ക് എല്ലാ ചികിത്സാ വിഭാഗങ്ങളിലും ആരോഗ്യ സുരക്ഷ നൽകുന്നുണ്ടെന്നു തെറ്റായ വിവരം വിവരാവകാശ നിയമപ്രകാരം നൽകിയതായി പരാതി. ഡിസിസി ജനറൽ സെക്രട്ടറി എം.മുരളി നൽകിയ വിവരാവകാശത്തിന് മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. എന്നാൽ 2023 നവംബർ മുതൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഫണ്ട് ഇല്ലെന്നും രോഗികളിൽ നിന്നും പണം ഈടാക്കുന്നുണ്ടെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്ക് 2023ൽ ആശുപത്രി അധികൃതർ നൽകിയ സർക്കുലറും കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു.
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികൾക്ക് പല ചികിത്സാ വിഭാഗങ്ങളിലും ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുകയും, അതിനെതിരെ സമരങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് വിവരാവകാശ അപേക്ഷ നൽകിയത്. ആരോഗ്യ ഇൻഷുറൻസ് നിലവിലുണ്ടെന്നും, പരിരക്ഷയുള്ള എല്ലാ വിഭാഗങ്ങൾക്കും ചികിത്സ സൗജന്യമാണെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോൾ ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികൾക്ക് ആയിരക്കണക്കിനു രൂപ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ സൂപ്രണ്ടിന്റെ അക്കൗണ്ടിലേക്കു നൽകേണ്ടി വന്നിട്ടുണ്ട്.
ഇത് എന്തിനാണെന്ന് അധികാരികൾ വ്യക്തമാക്കണം. തുക നൽകിയതിനു വ്യക്തമായ തെളിവുണ്ട്. എന്നാൽ ചികിത്സയിലായതിനാൽ രേഖകൾ വെളിപ്പെടുത്താൻ പലർക്കും ഭയമാണ്. മെഡിക്കൽ കോളജിന്റെ പല ചികിത്സാ വിഭാഗങ്ങളിലും ഇന്നും ആരോഗ്യ ഇൻഷുറൻസ് ഇല്ലെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് തെറ്റായ വിവരമാണ് വിവരാവകാശ നിയമപ്രകാരം ആശുപത്രി നൽകിയത്. തെറ്റായ വിവരങ്ങൾ നൽകിയത് സംബന്ധിച്ച് അപ്പീൽ അതോറിറ്റിക്ക് അപ്പീൽ നൽകും.അതിനുശേഷം കോടതിയെ സമീപിക്കുമെന്നും ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിടണമെന്നും ഡിസിസി ജനറൽ സെക്രട്ടറി എം.മുരളി ആവശ്യപ്പെട്ടു.