എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Mail This Article
കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പാർക്കിങ് ഏരിയയിൽ നിന്നും എട്ടു കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പൻഞ്ചോല കട്ടപ്പന കല്ലുകുന്ന് തൈക്കുഴിയിൽ ഹാരീഷ് റഹ്മാനെ (34) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി.ജി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കൽ കോളജ് ഭാഗത്ത് പെട്രോളിങ് നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ പാർക്കിങ് ഏരിയയിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചു. തുടർന്ന് എക്‌സൈസ് സംഘം സ്ഥലത്ത് എത്തി. കാറിനുള്ളിൽ ബാഗുമായി സംശയാസ്ദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തിയതോടെ പരിശോധന നടത്തി. ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. നാല് പാഴ്‌സലുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം സുഹൃത്തായ ഇതര സംസ്ഥാനക്കാരനാണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്നു പ്രതി പറഞ്ഞു.
പ്രതിയ്ക്ക് മുൻപ് ക്രിമിനൽക്കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ അരുൺ സി. ദാസ്, കെ.ആർ.ബിനോദ്, ബൈജുമോൻ, എം.നൗഷാദ്, പ്രിവന്റീവ് ഓഫിസർ നിഫി ജേക്കബ്, ആരോമൽ മോഹൻ, സിവിൽ എക്‌സൈസ് ഓഫിസർ പ്രശോഭ്, ശ്യാം ശശിധരൻ, സുനിൽകുമാർ, വിനോദ്, എക്‌സൈസ് ഡ്രൈവർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.