നവീകരിച്ചിട്ട് രണ്ടുവർഷം; റോഡ് നിറയെ കുഴികൾ
Mail This Article
കാഞ്ഞിരപ്പള്ളി ∙ നവീകരിച്ച് രണ്ടു വർഷം തികയും മുൻപേ ആനക്കല്ല് - പൊന്മല - പൊടിമറ്റം റോഡ് തകർന്നു തുടങ്ങി. സിഎംസി പടി, വണ്ടൻപാറ ജംക്‌ഷൻ, ഇല്ലിച്ചുവടിനു സമീപത്തെ കയറ്റം എന്നിവിടങ്ങളിലാണ് ടാറിങ് പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം 2.91 കോടി രൂപ ചെലവഴിച്ച് നവീകരിച്ച റോഡിനാണ് ദുർഗതി.
നിർമാണ ശേഷം 5 വർഷത്തേക്ക് അറ്റകുറ്റപ്പണികളും നടത്തണമെന്നാണ് പദ്ധതിയിലെ നിബന്ധന. പാതയോരത്തെ കാട് വെട്ടിത്തെളിക്കൽ, വെള്ളക്കെട്ട് നീക്കം ചെയ്യൽ, കലുങ്ക് – ഓട വൃത്തിയാക്കൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. പരാതിയെ തുടർന്നു റോഡിനു വശങ്ങളിലെ കാടു വെട്ടിത്തെളിക്കാൻ തുടങ്ങി. പ്രഭാത സവാരിക്കാർ, പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി, എൽപി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള കാൽനടയാത്രക്കാർക്കു ബുദ്ധിമുട്ടായിരുന്നു റോഡിന്റെ വശങ്ങളിലെ കാടുകൾ.
ഒരു മാസം മുൻപ് റോഡരികിലെ പറമ്പിലെ വേലിയിൽ മുള്ളൻപന്നിയെ കുടുങ്ങിയ നിലയിൽ കണ്ടെത്തി. മേഖലയിൽ കുറുനരികളുടെ ശല്യവുമുണ്ട്. ഈരാറ്റുപേട്ട വഴി എത്തി ഹൈറേഞ്ചിലേക്കു പോകുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവേശിക്കാതെ ആനക്കല്ല് ഗവ.സ്കൂളിനു സമീപത്തു നിന്നും തിരിഞ്ഞു പൊന്മല വഴി പൊടിമറ്റത്ത് ദേശീയപാത 183ൽ എത്തി കടന്നു പോകാവുന്ന എളുപ്പ വഴിയാണിത്.