വളർച്ച എത്തിയാൽ ഒരു കിലോ വരെ ആകുന്ന മത്സ്യങ്ങൾ ചെറിയ കണ്ണി വലയിൽ കുടങ്ങി നശിക്കുന്നു
Mail This Article
കുമരകം ∙ ചെറിയ കണ്ണി വല ഉപയോഗിച്ചുള്ള മീൻ പിടിത്തം ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും വേമ്പനാട്ടുകായലിൽ മീൻപിടിത്തത്തിനു എത്തുന്ന വലയിൽ പകുതിയിലേറെ ഇതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. വളർച്ച എത്തിയാൽ അര കിലോ മുതൽ ഒരു കിലോ വരെ ആകുന്ന മത്സ്യങ്ങൾ 25 ഗ്രാം ആകുന്നതിനു മുൻപു തന്നെ ചെറിയ കണ്ണി വലയിൽ കുടങ്ങി നശിക്കുന്നു. ഇതുവഴി മത്സ്യമേഖലയ്ക്ക് ഉണ്ടാകുന്നത് വൻ നഷ്ടം . മഴക്കാലമാകുന്നതോടെയാണ് ഇത്തരം വല ഉപയോഗിച്ചുള്ള മീൻ പിടിത്തം വ്യാപകമാകുന്നത്. ഇതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പിനു പരാതി നൽകി. വലയിൽ കുടുങ്ങുന്ന വലിയ മത്സ്യങ്ങളെ എടുത്ത ശേഷം തീരെ ചെറിയ മത്സ്യങ്ങളെ കായലിലോ വലയുമായി കയറുന്ന തോടുകളിലോ ഉപേക്ഷിക്കുകയാണ് പതിവ്.
ചെറിയ മത്സ്യങ്ങളെ നശിപ്പിക്കുന്നതു ആരും കാണാതിരിക്കാൻ മിക്കവരും കായലിൽ വച്ചു തന്നെ ഇവയെ വലയിൽ നിന്നു എടുത്തു കളയും. അൽപം വലുപ്പം കൂടിയ മത്സ്യങ്ങളെ കരയിൽ എത്തിച്ചു വിൽപന നടത്തും. കായലിന്റെ വിവിധ ഭാഗങ്ങളിൽ ദിവസവും പതിനായിരക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങൾ ഇങ്ങനെ നശിക്കുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ കുഞ്ഞുങ്ങളെ വൻ തോതിൽ പിടിച്ചു നശിപ്പിക്കുന്നതു ഭാവിയിൽ മീൻ വറുതിക്ക് കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ പല പ്രാവശ്യം ഫിഷറീസ് അധികൃതർക്കു പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നാണു പരാതി. വല്ലപ്പോഴും പേരിനു മാത്രം ഫിഷറീസ് വകുപ്പ് കായലിൽ ഇറങ്ങും.
ഫിഷറീസ് വകുപ്പ് ഇറങ്ങുന്ന വിവരം അറിയുന്ന ചെറിയ വല ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾ അന്ന് മത്സ്യബന്ധനത്തിനു പോകാറില്ലെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഫിഷറീസ് വകുപ്പിന്റെ ഭാഗത്തു നിന്നു കാര്യമായ പരിശോധന നടക്കാത്തത് മുതലാക്കി കൂടുതൽ മത്സ്യത്തൊഴിലാളികൾ നിയമവിരുദ്ധ മത്സ്യബന്ധന രീതിയിലേക്കു തിരിയുന്നു.വലിയ കണ്ണിയുള്ള വല ഉപയോഗിച്ചാണു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മീൻ പിടിത്തത്തിനു പോകുന്നത്. അതിനാൽ ഇവരുടെ വലയിൽ ചെറിയ മത്സ്യങ്ങൾ കുടുങ്ങാറില്ല.