വഴിപാട് പോലെ ടച്ചിങ് വെട്ട്; കെഎസ്ഇബി നടപടിക്കെതിരെ വ്യാപക പരാതി
Mail This Article
വെള്ളൂർ ∙ ടച്ചിങ് എന്ന പേരിൽ "വഴിപാട്" പോലെ വഴിയോരത്തെ മരക്കൊമ്പുകൾ മുറിച്ച് കെഎസ്ഇബി ജീവനക്കാർ. മഴയും കാറ്റും എത്തുമ്പോൾ അപകടമുണ്ടാകാതിരിക്കാൻ വേണ്ടിയാണെന്നു പറഞ്ഞാണ് വെള്ളൂർ ഏഴാം മൈലിലെ റോഡിനോട് ചേർന്നുള്ള മരങ്ങളുടെ കമ്പ് ഇറക്കി തുടങ്ങിയത്. കവലയിൽ നിൽക്കുന്ന ആൽ മരത്തിലെ ശിഖരവും ഇതേ രീതിയിൽ മുറിച്ച് തുടങ്ങി. എന്നാൽ പകുതി മുറിച്ചതിനു ശേഷം ജീവനക്കാർ പണിതീർത്തു സ്ഥലം വിട്ടു.
പാതി മുറിഞ്ഞിരിക്കുന്ന ശിഖരം ഏതു നേരവും നിലം പൊത്താവുന്ന നിലയിലാണ്. കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരം മുറിക്കാനായി എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ബസ് കയറാനായി ആളുകൾ കാത്തു നിൽക്കുന്ന സ്ഥലത്താണ് അപകടകരമായ നിലയിൽ പാതി മുറിച്ച ശിഖരം നിൽക്കുന്നത്.അതിനാൽ എത്രയും വേഗം ഈ ശിഖരം മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ടച്ചിങിന്റെ ഭാഗമായി വെട്ടിയിട്ട മരച്ചില്ലകൾ ഫുട്പാത്തിൽ നിന്നു മാറ്റിയിടാതെയാണ് ജീവനക്കാർ മടങ്ങിയതെന്നും ആക്ഷേപമുണ്ട്.