ബോട്ട് ജെട്ടി റോഡിന് ശാപമോക്ഷം; തറയോടുകൾ നിരത്തി ഭംഗിയാക്കുന്നു
Mail This Article
കുമരകം ∙ ബോട്ട് ജെട്ടി റോഡിൽ തറയോടുകൾ നിരത്തി മനോഹരമാക്കുന്നു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. കുമരകം റോഡിൽ നിന്നു തുടങ്ങുന്ന ഭാഗം മുതൽ 750 മീറ്റർ നീളത്തിലാണു തറയോടുകൾ പാകുന്നത്. കലുങ്കിന്റെ സമീപന പാതയും കോൺക്രീറ്റ് ചെയ്യും. വേമ്പനാട്ടു കായൽ തീരത്തേക്കുള്ള റോഡാണിത്.
ഹൗസ് ബോട്ടുകൾ പാർക്കു ചെയ്യുന്നത് റോഡിനു സമീപത്തെ തോട്ടിലാണ്. റോഡിലൂടെ വിനോദ സഞ്ചാരികൾ കാറിലും കാൽനടയായും പോയാണു ഇവിടെ നിന്നു ഹൗസ് ബോട്ടിൽ കയറുന്നത്. റോഡ് തകർന്നു കിടക്കുന്നത് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കിയിരുന്നു. ബോട്ട് സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതു ബോട്ട് ജെട്ടി ഭാഗത്ത് റോഡ് വശത്താണ്. മന്ദിരത്തിൽ ഫിഷറീസിന്റെ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. വാർഡ് അംഗം പി.കെ മനോഹരന്റെ ശ്രമഫലമായാണ് റോഡിൽ തറ ഓടുകൾ ഇടുന്നതിനു പണം അനുവദിച്ചത്.
കലുങ്കിനു വേണം സംരക്ഷണ വേലി
ബോട്ട് ജെട്ടി മുതൽ കായൽ തീരത്തിനടുത്ത് വരെയുള്ള ഭാഗത്ത് 4 കലുങ്കുകളാണുള്ളത്. ഇതിൽ ഒന്നിൽ പോലും സംരക്ഷണ വേലിയില്ല. വിനോദ സഞ്ചാരികൾ വാഹനത്തിൽ പോകുന്ന കലുങ്കിനാണ് സംരക്ഷണ വേലി പോലും ഇല്ലാത്തത്. സംരക്ഷണ വേലി കൂടി പണിയുന്നതിനുള്ള തുക പഞ്ചായത്ത് അനുവദിക്കണമെന്നാണു ആവശ്യം.
നടപ്പാത സംരക്ഷിക്കണം
ബോട്ട് ജെട്ടി റോഡിന്റെ ഭാഗമായുള്ള കായൽ തീരത്തേക്കുള്ള നടപ്പാത സംരക്ഷിക്കാൻ നടപടി വേണം. ടൂറിസം വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച നടപ്പാത തകർന്നു കൊണ്ടിരിക്കുന്നു. ബോട്ട് ജെട്ടി തോടിന്റെ തെക്കേ കരയോടു ചേർന്നു കരിങ്കല്ല് അടുക്കിയാണു നടപ്പാത പണിതത്. നടപ്പാത പണിത തറ ഓടും പാകിയിരുന്നു. കരിങ്കല്ലുകൾ ഇളകിപ്പോയതോടെ നടപ്പാതയുടെ അടിഭാഗം പൊള്ളയായി കിടക്കുന്നു. തറയോടും തകർന്നു തുടങ്ങി. നടപ്പാതയിൽ സ്ഥാപിച്ചിരുന്ന കൈവരിയുടെ പൊടി പോലും ഇപ്പോൾ കാണാനില്ല. നടപ്പാത സംരക്ഷിക്കാൻ ടൂറിസം വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണു പരാതി.