വികസനം വഴിയും കുടിവെള്ളവുമില്ലാതെ ഒരു പറ്റം ജനങ്ങൾ; അധികൃതരേ കാണൂ, ഈ നാടിന്റെ ദുരിതം
Mail This Article
പയറ്റുപാക്ക ∙ അധികൃതരും ഉദ്യോഗസ്ഥരും ഒന്നു കണ്ണ് തുറക്കൂ. ഇവർക്കും ജീവിക്കണ്ടേ ? ഇവിടെ വിഷം കുടിച്ചു കഴിയുകയാണ് ഒരു ജനത. വഴിയില്ല, ശുദ്ധജലമില്ല. കൊടിയ വിഷം കലർന്ന ജലാശയം മാത്രം മുൻപിൽ !.. കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഒരു നാടിന്റെ വിലാപം ഇവിടെ കേൾക്കാം. നീലംപേരൂർ പഞ്ചായത്തിന്റെ 7ാം വാർഡിൽ ഉൾപ്പെട്ട പയറ്റുപാക്ക കണിയാന്തറ മുതൽ കിഴക്കേ ചേന്നങ്കരി ഭാഗത്തെ ജനങ്ങളാണു വർഷങ്ങളായി സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അവഗണനയുടെ പട്ടികയിലുള്ളത്.
വഴിയും ശുദ്ധജലവുമില്ലാത്തതിനാൽ പിറന്ന നാട് ഉപേക്ഷിച്ച് കിഴക്കൻ മേഖലയിലേക്ക് കുടിയേറുകയാണ് പലരും. അടഞ്ഞു കിടക്കുന്ന വീടുകളെല്ലാം ഇതിനു ഉദാഹരണമാണ്. വാഹനം എത്താൻ വഴിയില്ലാത്തതിനാൽ മൃതദേഹം ചുമന്നു കൊണ്ട് ഒന്നര കിലോമീറ്റർ ദൂരം തകർന്ന ബണ്ട് റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയും കഴിഞ്ഞ ദിവസമുണ്ടായി. കുട്ടനാട് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. കുട്ടനാട് എംഎൽഎയ്ക്കും ആലപ്പുഴ ജില്ലാ കലക്ടർക്കും നീലംപേരൂർ പഞ്ചായത്തിനും പരാതികൾ പലവട്ടം നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാർ പറയുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ജനങ്ങളാണ് കൂടുതലായും താമസിക്കുന്നത്.
വിഷം ഒഴുകുന്ന തോട്
ഒരു കാലത്ത് ബോട്ട് സർവീസ് ഉണ്ടായിരുന്ന ചേന്നങ്കരി പയറ്റുപാക്ക തോട് ഇന്ന് വിഷവാഹനിയാണ്. പോളയും കടകലും തിങ്ങി നിറഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ടിട്ടു രണ്ട് വർഷം പിന്നിടുന്നു. പോളകാരണം വള്ളമിറക്കാൻ കഴിയാത്ത അവസ്ഥയാണ്. പുറം ലോകത്തു കടക്കണമെങ്കിൽ ഒരാൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന ബണ്ട് റോഡാണ് ആശ്രയം. പോള നിറഞ്ഞ തോട്ടിലേക്കാണ് ഏക്കറു കണക്കിനു വരുന്ന പാടശേഖരങ്ങളിൽ നിന്നുള്ള വെള്ളം മോട്ടർതറയിലൂടെ ഒഴുക്കിവിടുന്നത്.
പാടശേഖരത്തിൽ കളകൾ നശിക്കാനും കൃഷിക്കുമായി ഉപയോഗിക്കുന്ന മാരകമായ കീടനാശിനികൾ കലർന്ന വെള്ളം തോട്ടിലേക്ക് ഇറക്കി വിടുന്നത് കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ് നാട്ടുകാർ. ഏഴോളം മോട്ടർ തറകളാണ് അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത്. കിണറുകളിലേക്കും വിഷവെള്ളം അരിച്ചിറങ്ങും. പ്രാഥമിക കാര്യങ്ങൾക്കും പാത്രം കഴുകാനും തുണി കഴുകാനും ഉപയോഗിക്കുന്നത് പോളയിൽ കെട്ടിക്കിടക്കുന്ന മലിനജലം തന്നെ. തോട്ടിലെ വെള്ളത്തിൽ മുഖം കഴുകിയാൽ ശരീരം ചൊറിഞ്ഞ് തടിക്കും. പ്രദേശത്തെ കാൻസർ രോഗികളായവരുടെ കണക്കുകളും ഞെട്ടിക്കുന്നതാണ്. ഇപ്പോൾ മാത്രം 5 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണപ്പെട്ടവരും ഏറെ. ആറുപറ ജംക്‌ഷൻ – പെരുവന്താനം ഭാഗത്തെ തോട്ടിലൂടെ ഒരാൾക്ക് നടന്നു പോകാൻ കഴിയുന്ന വിധമാണു കടകൽപുല്ലും പോളയും നിറഞ്ഞിരിക്കുന്നത്.
വഴിയില്ല ഒന്നിനും
കണിയാന്തറ നഗർ വരെ മാത്രമേ ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനം എത്തൂ. പിന്നീട് തകർന്ന് കിടക്കുന്ന ബണ്ട് റോഡിലൂടെ ഒന്നര കിലോമീറ്ററോളം ദൂരം നടന്ന് വേണം ഇരുകരകളിലുമുള്ളവർക്ക് വീടുകളിലെത്താൻ. പോള തിങ്ങി നിറഞ്ഞതുകാരണം വള്ളമിറക്കാനും കഴിയില്ല. കഴിഞ്ഞ ദിവസം വൈപ്പിൻകളം ഭാഗത്ത് അന്തരിച്ച തങ്കമ്മ ഗോപാലകൃഷ്ണനെ (89) ചെറിയ ബണ്ട് റോഡിലൂടെ ഒന്നര കിലോമീറ്ററോളം ദൂരം ചുമന്നു കൊണ്ടാണു പുറത്തേക്കെത്തിച്ചത്. ആരെങ്കിലും മരണപ്പെട്ടാലോ അടിയന്തരമായി ആർക്കെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ടായാലോ ആളുകളെ തോളിലേറ്റി പായണം. ഇങ്ങനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് കാരണം മരണപ്പെട്ടവരും ഒട്ടേറെ.
ശുദ്ധജലമില്ല
കണിയാന്തറ നഗറിൽ വാഹനങ്ങളിൽ കൊണ്ടിറക്കുന്ന കന്നാസിലുള്ള വെള്ളമാണ് ശുദ്ധജലമായി കുടുംബങ്ങൾ ഉപയോഗിക്കുന്നത്. അതിരാവിലെ തന്നെ വെള്ളം നിറച്ച കന്നാസുകൾ ചുമന്ന് വീട്ടിലെത്തിക്കുന്നതാണു പലരുടെയും ജോലി. 50 ലീറ്ററുള്ള ശുദ്ധജലത്തിനു 35 രൂപയാണു ചെലവ്. വരുമാനത്തിന്റെ വലിയ ഭാഗവും ശുദ്ധജലം വാങ്ങാൻ ചെലവഴിക്കുകയാണു പലരും. സന്നദ്ധ സംഘടനകൾ ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യകത കൂടിയാൽ കുടുംബങ്ങൾ വെള്ളം വിലയ്ക്ക് വാങ്ങുകയാണ്.