മണ്ഡലകാലം: തീർഥാടകരെ കാത്ത് ദുരിതം; ഏറ്റുമാനൂരപ്പൻ ബസ്ബേ സ്ഥിതി ശോചനീയം തന്നെ
Mail This Article
ഏറ്റുമാനൂർ∙ മണ്ഡലകാലം പടിവാതിക്കൽ എത്തിയിട്ടും ഇക്കുറിയും ഏറ്റുമാനൂരപ്പൻ ബസ്ബേയ്ക്കു ശാപമോക്ഷമില്ല. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിലുള്ള കാത്തിരിപ്പ് കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥ മൂലം വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടക്കുന്നത്. മണ്ഡലകാലത്ത് ബസ് മാർഗം ഏറ്റുമാനൂരിലെത്തുന്ന അയ്യപ്പ തീർഥാടകർക്ക് ആശ്രയമായ കാത്തിരിപ്പ് കേന്ദ്രത്തിൽ വെളിച്ചമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഇരുട്ടു വീണാൽ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാകും.
ഏറ്റുമാനൂർ പഞ്ചായത്ത് ആയിരുന്ന കാലത്ത് ജില്ലാ പഞ്ചായത്തിന്റെ ഹരിവരാസനം പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണു ബസ് ബേ നിർമിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ജോസ് മോൻ മുണ്ടയ്ക്കലിന്റെ ശുപാർശ പ്രകാരമായിരുന്നു പദ്ധതിക്കു ഫണ്ട് അനുവദിച്ചത്. എന്നാൽ രാഷ്ട്രീയ പോരുകളെ തുടർന്നു തുടക്കം മുതൽ ബസ് ബേ വിവാദത്തിലായി. അന്നു മുതൽ തുടങ്ങിയ അവഗണനയാണ് ഇന്നും തുടരുന്നത്.
കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ലൈറ്റ്, ഫാൻ, എന്നിവ സ്ഥാപിക്കുമെന്നായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇവയൊന്നും നടന്നില്ല. ഓരോ മണ്ഡല കാലവും എത്തുമ്പോൾ ഏറ്റുമാനൂരപ്പന്റെ നാമത്തിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിനു ശാപമോക്ഷം ഉണ്ടാകുമെന്നു കരുതി നാട്ടുകാർ കാത്തിരിക്കും. എന്നാൽ ഒരിക്കൽ പോലും വികസന പട്ടികയിൽ കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെട്ടിട്ടില്ല. ഇത്തവണത്തെ മണ്ഡലകാലം വലിയ പ്രതീക്ഷയോടെ കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നവർ നോക്കി കാണുന്നത്. സ്ഥലം എംഎൽഎയായ മന്ത്രി വി.എൻ.വാസവനു ദേവസ്വം വകുപ്പു കൂടി ലഭിച്ചതാണു നാട്ടുകാരിൽ പ്രതീക്ഷ വർധിക്കാൻ കാരണം.
ഏറ്റെടുക്കാൻ ആളുണ്ടായിട്ടും വിട്ടുകൊടുത്തില്ല
ബസ് ബേ ഏറ്റെടുത്തു പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നവീകരിക്കാമെന്ന് അറിയിച്ച് ജനകീയ വികസന സമിതി രംഗത്ത് വന്നിരുന്നു. ഇതിനായി നഗരസഭയ്ക്ക് രേഖാമൂലം അപേക്ഷയും സമിതി നൽകിയിരുന്നുവെന്നു ജനകീയ വികസന സമിതി പ്രസിഡന്റ് ബി.രാജീവ് പറഞ്ഞു. എന്നാൽ കാത്തിരിപ്പ് കേന്ദ്രം നഗരസഭയുടെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുന്നതല്ലെന്നും കൂടാതെ ഇതുമായി ബന്ധപ്പെട്ടു നിയമ പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.