ADVERTISEMENT

അമയന്നൂർ ∙ സ്മ‌ാർട് ഫോണിൽ കുട്ടികൾ ഒഴിവു സമയം ചെലവിടുന്നു എന്നാണു രക്ഷിതാക്കളുടെ പരാതി. പക്ഷേ, അമയന്നൂർ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളെ അതിനു കിട്ടില്ല. വിദ്യാർഥികൾ മൊബൈലിനോട് നോ പറഞ്ഞു കഴിഞ്ഞു. കാരണം, അവർക്ക് വെറുതേയിരിക്കാൻ നേരമില്ല. പാവൽ, വേണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികൾ നടുന്നതിലുള്ള തിരക്കിലാണ് വിദ്യാർഥികൾ. വിളവെടുത്തപ്പോൾ നൂറുമേനി വിജയവും. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അക്ഷിത് എം.തേജ് ആണ് കുട്ടിക്കർഷകരിലെ കേമൻ. ഒരു കുടുംബത്തിന് വേണ്ടതെല്ലാം സ്വയമേ ഉൽപാദിപ്പിച്ച് ശ്രദ്ധേയനായി കഴിഞ്ഞു അക്ഷിത്.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആറാം ക്ലാസിലെ കുട്ടികൾക്ക് ജൂൺ മാസത്തിലാണ് അധ്യാപകർ വിവിധയിനം വിത്തുകൾ പായ്ക്കറ്റിലാക്കി നൽകിയത്. ഇതോടെ കുട്ടികളുടെ ദിനചര്യ തന്നെ മാറിയതായാണ് അധ്യാപകരുടെ സാക്ഷ്യം. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ആദ്യം തങ്ങളുടെ ചെറിയ കൃഷിയിടത്തിലേക്കാണ് യാത്ര. പിന്നീട് വെള്ളം നനച്ച് പരിചരിക്കും. ചിലർ മനുഷ്യരോടെന്നപോലെ വളർന്നുവരുന്ന വിളകളോട് കുശലാന്വേഷണവും നടത്തും. സ്‌ഥലപരിമിതിയുള്ളവർ പ്രത്യേക കവറുകളിൽ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്.

സ്വന്തം നിലയിൽ കൃഷി ചെയ്യുന്നതിനു പുറമേ മറ്റുള്ളവരിലേക്ക് ജൈവ കൃഷി ബോധവൽക്കരണം നടത്താനും കുട്ടിക്കർഷകർ സമയം കണ്ടെത്തുന്നുണ്ടെന്ന് അക്ഷിതും കൂട്ടുകാരും പറയുന്നു. അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും കൃഷിയിടമാണ് കുട്ടികളുടെ കളിക്കളം. ആറാം ക്ലാ‌സിലെ കുട്ടികളെ മാതൃകയാക്കി സ്കൂൾ മുഴുവൻ കൃഷി വ്യാപിപ്പിക്കാന‌ാണ് തീരുമാനം. കൃഷി ഒരു സംസ്കാരമായി മാറണമെന്ന അധ്യാപകരുടെ ഉപദേശമാണു വേറിട്ട പ്രവർത്തനത്തിന് കുട്ടികൾക്ക് പ്രേരണ നൽകിയത്.

English Summary:

Sixth-grade students at Amayannoor High School in Kerala, India, have chosen organic farming over smartphones. Led by Akshith M. Tej, they've transformed their daily routines to nurture bountiful vegetable gardens, inspiring their school and community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com