സംരക്ഷണഭിത്തിയില്ല, വെള്ളം ഇരച്ചുകയറുന്നു; ഒന്ന് പെയ്താൽ ആകെ മുങ്ങി പ്ലാക്കൽപടിയിലെ ജീവിതം
Mail This Article
വെള്ളൂർ ∙ ഒന്നു പെയ്താൽ മതി, വീടിന്റെ മുറ്റത്തേക്ക് വെള്ളം ഇരച്ചെത്തും. പാറാമറ്റം പൊന്നപ്പൻസിറ്റി റോഡിലെ പ്ലാക്കൽപടിയിലെ ജനങ്ങൾക്കാണു ദുരിതം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മുട്ടറ്റം വെള്ളമാണു പ്രദേശത്ത് ഉയർന്നത്. പൊടിമറ്റം തോട്, പാറാമറ്റം തോട് എന്നിവ സംഗമിക്കുന്ന പ്ലാക്കൽപടിയിൽ റോഡ് നിരപ്പിനോടു ഏകദേശം ചേർന്നാണു പ്രദേശത്തെ തോട് ഒഴുകുന്നത്. സംരക്ഷണ ഭിത്തിയില്ലെന്നു സാരം. അതിനാൽ തന്നെ മഴവെള്ളം എത്തുന്നതോടെ റോഡിലേക്കു വെള്ളം കയറും.
പ്ലാക്കൽപടി ഭാഗത്തു മാത്രമാണു തോടിനു സംരക്ഷണ ഭിത്തിയില്ലാത്തത്. മണർകാട് – പാമ്പാടി പഞ്ചായത്തുകളുടെ അതിർത്തി കൂടിയാണു തോട്. സമീപത്ത് ഓടകളില്ലാത്തതും വെള്ളക്കെട്ടിനു കാരണമാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടിൽ വലിയ നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്. കപ്പയടക്കമുള്ള കൃഷി നശിച്ചിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് കവലയ്ക്കൽ വീട്ടിൽ സന്തോഷ് റോഡ് സൗകര്യം ഉണ്ടായിട്ടും തന്റെ വാഹനം മറ്റൊരു വീട്ടിൽ കൊണ്ടിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ ഇദ്ദേഹത്തിന്റെ വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന കട്ടിൽ ഒഴുകിപ്പോയതായും സന്തോഷ് പറഞ്ഞു. വെള്ളക്കെട്ടിനെ തുടർന്ന് ഏറെനേരം പ്രദേശത്ത് ഗതാഗതവും തടസ്സപ്പെട്ടു. അതേസമയം, പുതുപ്പള്ളി ബസ് സ്റ്റാൻഡിനു താഴെ ഭാഗത്തും ശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.