തീപിടിത്തം: ചങ്ങനാശേരി മാർക്കറ്റിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കും; ചന്ത സേഫാകും
Mail This Article
ചങ്ങനാശേരി ∙ മാർക്കറ്റിലെ തീപിടിത്തം തടയാൻ പ്രതിരോധ സംവിധാനവുമായി അഗ്നിരക്ഷാസേനയും ജല അതോറിറ്റിയും. തീപിടിത്തങ്ങളിൽനിന്നു രക്ഷാപ്രവർത്തനം നടത്താൻ മാർക്കറ്റിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിർദേശം. ഇത് സംബന്ധിച്ച റിപ്പോർട്ട് ജല അതോറിറ്റിക്കു കൈമാറി. മാർക്കറ്റിലെ തീപിടിത്ത സാധ്യതകളെ കുറിച്ച് സേന പഠനം നടത്തിയിരുന്നു. ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് മുൻകയ്യെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസനസമിതി യോഗത്തിൽ ജോബ് മൈക്കിൾ എംഎൽഎ ഉറപ്പു നൽകി.
ഫയർ ഹൈഡ്രന്റ്
റോഡരികിൽ സ്ഥാപിക്കുന്ന ഫയർ ഹൈഡ്രന്റ് ആണു തീപിടിത്തം നിയന്ത്രിക്കുന്നത്. ജലഅതോറിറ്റിയുടെ മെയിൻ പൈപ്പുമായി ഇത് ബന്ധിപ്പിച്ചിരിക്കും. 24 മണിക്കൂറും വെള്ളമുണ്ടാകും. തീപിടിത്തമുണ്ടായാൽ സേനാംഗങ്ങൾ ഹൈഡ്രന്റുകളിലേക്ക് ഹോസുകൾ കണക്ട് ചെയ്ത് വാൽവ് തുറക്കും. ശക്തമായ ഫോഴ്സിലാകും വെള്ളം പമ്പ് ചെയ്യുക. 50 മീറ്റർ ഉയരത്തിലും 400 മീറ്റർ ചുറ്റളവിലും ഹൈഡ്രന്റിൽ നിന്നു വെള്ളം പമ്പ് ചെയ്യാം.
ജലഅതോറിറ്റി
ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുന്നതും ഇതിനാവശ്യമായ വെള്ളം ലഭിക്കേണ്ടതു ജല അതോറിറ്റിയിൽ നിന്നാണ്. നിലവിൽ മാർക്കറ്റിലൂടെ ഇതിന് ആവശ്യമായ കണക്‌ഷനില്ല. പെരുന്ന ഓവർ ഹെഡ് ടാങ്കിലേക്ക് പുതിയ കണക്‌ഷനായി മാർക്കറ്റിലൂടെ പൈപ്പ് സ്ഥാപിക്കുന്നുണ്ട്. റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈഡ്രന്റിന് ആവശ്യമായ പൈപ്പും മാർക്കറ്റിലൂടെ സ്ഥാപിക്കാമെന്നാണു ജല അതോറിറ്റി പറയുന്നത്. ശക്തമായ ഫോഴ്സിൽ 24 മണിക്കൂറും വെള്ളം ഉറപ്പാക്കേണ്ടതിനാൽ പ്രത്യേക പൈപ്പാണ് ഇടുന്നത്. തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മിഠായിത്തെരുവ് മുഴുവൻ ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചിരുന്നു. തൃശൂർ പൂരം വെടിക്കെട്ട് കണക്കിലെടുത്ത് പൂരം മൈതാനിയിലും ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചിട്ടുണ്ട്.
ചങ്ങനാശേരി മാർക്കറ്റിൽ 100 മീറ്റർ ഇടവിട്ട് ഓരോ സ്ഥലങ്ങളിലും ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. മാർക്കറ്റ് മുഴുവൻ ഉൾപ്പെടുത്തിയാണിത്. മാർക്കറ്റിലെ പഴയ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും തടിയിൽ നിർമിച്ചവയാണ്. ഹോൾസെയിൽ മാർക്കറ്റ് കൂടിയായതിനാൽ ടൺ കണക്കിന് ലോഡുകളാണു പല കടകളിലും സൂക്ഷിച്ചിരിക്കുന്നത്. ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെങ്കിലും മതിയായ തീപിടിത്ത പ്രതിരോധ സംവിധാനങ്ങൾ പലയിടത്തുമില്ല.
നിലവിൽ വെല്ലുവിളി
ഒരു ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയാണു ചങ്ങനാശേരി യൂണിറ്റിലുള്ളത്. നിലവിൽ അടിയന്തര സാഹചര്യമുണ്ടായാൽ അഗ്നിരക്ഷാസേന യൂണിറ്റിൽ നിന്നും വാഹനങ്ങൾ മാർക്കറ്റിനുള്ളിലേക്കു എത്തിക്കാനും ബുദ്ധിമുട്ടാണ്. അപകടം സംഭവിച്ചാലുണ്ടാകുന്ന ഗതാഗതക്കുരുക്ക്, മാർക്കറ്റിലെ ചെറിയ വഴികൾ, റോഡിലേക്കിറങ്ങിയിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, ആൾക്കൂട്ടം തുടങ്ങിയ പ്രതിസന്ധികളുമുണ്ട്.