ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടം: മുച്ചൂർക്കാവ് ഭീതിയിൽ
Mail This Article
വൈക്കം ∙ മുച്ചൂർക്കാവിൽ ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടം. ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ വെച്ചൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം. ചെറിയ കേസുകൾ ചുമത്തി പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനാൽ മതിയായ ശിക്ഷ ലഭിക്കാതെ തൊട്ടടുത്ത ദിവസം തന്നെ പുറത്തുവരുന്ന സാഹചര്യമാണുളളത്. ഇത്തരം നടപടികൾ പൊലീസ് ഒഴിവാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഗ്രാമീണ റോഡിൽ പട്രോളിങ് ശക്തമാക്കുക, മുച്ചൂർക്കാവ്, ചാണയിൽ പാലങ്ങളിൽ രാത്രി പൊലീസ് കാവൽ ഏർപ്പെടുത്തുക, യുവാക്കളിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടം വർധിച്ചതോടെ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാൽ സംഘങ്ങൾക്കെതിരെ പ്രതികരിച്ച യുവാവിനു കുത്തേറ്റു.
സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും മുച്ചൂർക്കാവിലെ ക്രമസമാധാന പ്രശ്നം വാർത്തയായതിനെ തുടർന്നാണു പൊലീസ് ഇടപെട്ടത്. ക്രിമിനലുകൾക്കു താമസം ഒരുക്കിയ വീട്ടിലെ സ്ത്രീ മറ്റൊരു വീട്ടമ്മയെ ആക്രമിച്ച സംഭവവുമുണ്ടായി. തലയ്ക്ക് പരുക്കേറ്റ വീട്ടമ്മ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമിച്ച സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, വൈക്കം എസ്ഐ എം.ജയകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ.മണിലാൽ, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം എസ്.മനോജ് കുമാർ, ജി.വീണ തുടങ്ങിയവർ പങ്കെടുത്തു. ജാഗ്രത സമിതിയും രൂപീകരിച്ചിട്ടുണ്ട്.