കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം 12ന് തുറക്കും
Mail This Article
കോട്ടയം ∙ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം 12ന് തുറക്കും. രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രണ്ടാം കവാടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നു ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കഴിഞ്ഞയാഴ്ച ഫ്രാൻസിസ് ജോർജ് വിളിച്ച റെയിൽവേ ഉന്നതതല യോഗത്തിൽ ശബരിമല സീസണു മുൻപായി കവാടം തുറക്കാൻ തീരുമാനിച്ചിരുന്നു.
രണ്ടാം കവാടം
∙ സ്ഥിതി ചെയ്യുന്നത്: നാഗമ്പടം ഗുഡ്സ് ഷെഡിന്റെ ഭാഗത്ത്
∙ പ്രയോജനം: പാലാ, ഏറ്റുമാനൂർ ഭാഗത്തുനിന്ന് എത്തുന്നവർക്കു നാഗമ്പടം ഭാഗത്തു കൂടി കറങ്ങാതെ നാഗമ്പടത്തുനിന്ന് നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാം.
∙ 3 നില കെട്ടിടം: ഒന്നാംനിലയിൽ യാത്രക്കാർക്കുള്ള വിശ്രമമുറി, ശുചിമുറി.
ടിക്കറ്റ് കൗണ്ടർ. കയറാനും ഇറങ്ങാനും എസ്കലേറ്റർ. രണ്ടാംനില– ലോക്കോ പൈലറ്റ്, ഗാർഡ് വിശ്രമസ്ഥലം. രണ്ടാം നില– റെയിൽവേ ഓഫിസർമാർക്കുള്ള വിശ്രമ സ്ഥലം.
∙ ലിഫ്റ്റ് ഉടൻ സജ്ജമാകും.
|∙ രണ്ടാം കവാടത്തിന്റെ ഒന്നാം നിലയിൽനിന്ന് 5 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിജുണ്ട്.
∙ നാഗമ്പടത്തുനിന്ന് രണ്ടാംകവാടത്തിൽ എത്തി ടിക്കറ്റ് വാങ്ങി നേരെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ച് ട്രെയിനിൽ കയറാം. നിലവിൽ നാഗമ്പടത്തുനിന്നു സ്റ്റേഷനിലേക്കു പ്രവേശിക്കുന്നവർ ഒന്നാം പ്ലാറ്റ്ഫോമിലൂടെ നടന്ന് പ്രധാന കവാടത്തിൽ എത്തി ടിക്കറ്റ് വാങ്ങേണ്ടിയിരുന്നു.
∙ കെട്ടിടത്തിന്റെ അലങ്കാരപ്പണി പൂർത്തിയാകാനുണ്ട്.
∙ രണ്ടാംകവാടത്തിനു മുന്നിൽ പാർക്കിങ് ഏരിയ വികസിപ്പിച്ചിട്ടില്ല. ഇവിടെ 150 കാറുകൾ നിർത്താമെന്നായിരുന്നു റെയിൽവേ അറിയിച്ചിരുന്നത്. ഈ സംവിധാനം വേഗത്തിൽ പൂർത്തിയാകണം.
പുതിയ ഫുട്ഓവർ ബ്രിജ്
പ്രധാന പ്രവേശന കവാടത്തിന്റെ മുന്നിൽനിന്ന് 4 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള ഫുട് ഓവർ ബ്രിജിന്റെ നിർമാണം പൂർത്തിയായി. ചെറിയ ജോലികൾ മാത്രമാണ് ഇനി. ഇതു പൂർത്തിയായാൽ പാലം തുറക്കാം. പ്രധാന കവാടത്തിൽ എത്തുന്നവർക്ക് ഈ മേൽപാലം വഴി 2 മുതൽ 5 പ്ലാറ്റ്ഫോം വരെ പോകാനാകും. പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് താഴേക്ക് ഇറങ്ങിയാൽ ഒന്നാം പ്ലാറ്റ്ഫോമിൽ എത്താം. പുതിയ മേൽപാലം തുറക്കുന്നതോടെ പ്രധാനകവാടത്തിലുള്ള രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള പഴയ നടപ്പാലം പൊളിക്കും.
2018ൽ തുടക്കം
സ്റ്റേഷൻ ആരംഭിച്ച് 68 വർഷത്തിനു ശേഷമാണ് പുതിയ പ്രവേശന കവാടം കോട്ടയം സ്റ്റേഷനിൽ സജ്ജമാകുന്നത്. 2018ലാണ് നാഗമ്പടത്ത് ഗുഡ്സ് ഷെഡ് ഭാഗത്ത് പ്രവേശനകവാടം നിർമിക്കാൻ സാങ്കേതിക അനുമതി ലഭിച്ചത്. 2019ൽ നിർമാണം ആരംഭിച്ചെങ്കിലും കോവിഡ് പണിമുടക്കി. പിന്നീട് നിർമാണം പുനരാരംഭിച്ചെങ്കിലും ഇരട്ടപ്പാതയ്ക്ക് ഒപ്പം പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതിനിടെ അന്നത്തെ എംപി തോമസ് ചാഴികാടൻ അവലോകനയോഗങ്ങൾ വിളിച്ച് കവാടനിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചിരുന്നു.