മടവീഴ്ച: ബണ്ട് പുനർനിർമിക്കാൻ ശ്രമം തുടങ്ങി
Mail This Article
കോട്ടയം ∙ കൊല്ലാട് കിഴക്കുപുറം വടക്കുപുറം 210 ഏക്കർ പാടശേഖരത്തിൽ മടവീഴ്ച. ബണ്ട് പുനർനിർമിക്കാൻ ശ്രമം ആരംഭിച്ച് കർഷകർ. മണ്ണ് നിറച്ച ആയിരക്കണക്കിനു ചാക്കുകൾ വള്ളത്തിൽ എത്തിച്ചാണ് ബണ്ട് നിർമാണം പുരോഗമിക്കുന്നത്. വെള്ളം വറ്റിച്ച് പാടം കൃഷിയോഗ്യമാക്കണമെങ്കിൽ ഒരാഴ്ച സമയമെടുക്കുമെന്നും കർഷകർ പറയുന്നു.വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മന്ത്രി റോഷി അഗസ്റ്റിനു കത്ത് നൽകി.
കല്ലുങ്കൽ കടവ്, പാറക്കൽ കടവ്, കൊടൂരാർ, കളത്തിക്കടവ് എന്നിവിടങ്ങളിലെ പുല്ല് നീക്കംചെയ്ത് ആഴം കൂട്ടുക, പുറംബണ്ട് ബലപ്പെടുത്തൽ അടിയന്തരമായി നടത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് കത്ത് നൽകിയത്. വിത്തിറക്കാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെയാണ് മടവീഴ്ചയുണ്ടായത്. 48 കർഷകർക്കായി 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാലര ഏക്കർ സ്ഥലം വീതമാണ് പാടശേഖരത്തിലെ കർഷകർ പകുത്തെടുത്ത് കൃഷി ചെയ്യുന്നത്. കൊടൂരാറ്റിലെ വെള്ളം അനിയന്ത്രിതമായി എത്താതെയിരിക്കാൻ 48 കർഷകർ പിരിവിട്ട് 8 ലക്ഷം രൂപ മുടക്കി നിർമിച്ച ബണ്ടാണ് തകർന്നത്.