കുറവിലങ്ങാട് ബസ്സ്റ്റാൻഡ് അസൗകര്യങ്ങളുടെ കൂരിരുട്ടിൽ
Mail This Article
കുറവിലങ്ങാട് ∙രാത്രി വെളിച്ചം ഇല്ലാത്ത അവസ്ഥ. പകലും രാത്രിയും തെരുവുനായ്ക്കളുടെ ശല്യം. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്. സ്റ്റാൻഡിലേക്കു ബസ് കയറുന്ന ഭാഗത്തു ലൈറ്റുകൾ തെളിയുന്നില്ല.സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന കാത്തിരിപ്പു കേന്ദ്രവും ഇരുട്ടിൽ.രണ്ടായിരത്തിലധികം തെരുവുവിളക്കുകളുണ്ട് കുറവിലങ്ങാട് പഞ്ചായത്തിൽ. പക്ഷേ ഇതു പൂർണമായി തെളിയുന്നില്ല. എംസി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ 269 സൗരോർജ വിളക്കുകൾ. ഇവയെല്ലാം തകരാറിൽ. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചതിനു ശേഷം എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിലെല്ലാം ഇരുട്ട്.
തെരുവുനായ ശല്യം രൂക്ഷമാണ് ഇവിടെ. തെരുവുനായ ശല്യം നിയന്ത്രിക്കാൻ നടപടി ഇല്ലാത്ത അവസ്ഥ. കുറവിലങ്ങാട് ടൗണിൽ ഓരോ ദിവസവും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുകയാണ്. ഗ്രാമീണ പാതകളിലും ടൗണിലെ പ്രധാന റോഡുകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ നായ്ക്കൾ വിഹരിക്കുകയാണ്. വഴിയിലെ നായ ശല്യം ഇരുചക്രവാഹന യാത്രക്കാരെയാണ് ഏറ്റവുമധികം വലയ്ക്കുന്നത്. ഇവ കുറുകെ ചാടുമ്പോൾ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടും. പലപ്പോഴും അപകടമുണ്ടാകും. ഗ്രാമീണ മേഖലകളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് തെരുവുനായശല്യം മൂലം ബുദ്ധിമുട്ടുന്നത്. പല സ്ഥലത്തും മാലിന്യം കുന്നു കൂടിയതും നായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമായി.